കൊടുങ്ങല്ലൂർ: വനിതാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്ത് മൊബൈൽ ഫോൺ പിടിച്ചു പറിക്കുകയും, തടയാൻ ശ്രമിച്ച പൊലീസുദ്യോസ്ഥയുടെ ഭർത്താവിനെ ആക്രമിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിലായതായി സൂചന. അഞ്ചപ്പാലം സ്വദേശി കലേഷ്, കാവിൽക്കടവ് സ്വദേശി സന്തോഷ്, പറപ്പുള്ളി സ്വദേശി ഉണ്ണികൃഷ്ണൻ, മേത്തല സ്വദേശി ഷിനു, യുവമോർച്ച കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി ശിവറാം എന്നിവരാണ് വടക്കേക്കര പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകീട്ട് ചാലക്കുളത്ത് നിന്നും കെ.എസ്.ആർ.ടി.സി ബസിനെ പിന്തുടർന്ന് തിരുത്തിപ്പുറത്തെത്തി, ഇവർ നടത്തിയ പ്രതിഷേധം സ്ഥലത്തുണ്ടായിരുന്ന വനിതാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥ ഷീജ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ബി.ജെ.പിക്കാർ മൊബൈൽ പിടിച്ചു പറിക്കാനായി പിടിവലി നടത്തിയിരുന്നു. ഇത് കണ്ട് വന്ന ഷീജയുടെ ഭർത്താവ് പ്രശ്നത്തിലിടപെട്ടതോടെ അദ്ദേഹത്തെ ഹെൽമെറ്റ് കൊണ്ട് അടിച്ചു വീഴ്ത്തിയാണ് പ്രതിരോധിച്ചത്. മൊബൈൽ ഫോൺ പിടിച്ചു പറിക്കപ്പെട്ടെങ്കിലും ചെറുത്തു നിന്ന ഷീജ സംഘത്തിലെ രണ്ട് പേരെ തടഞ്ഞു വയ്ക്കുന്നതിൽ വിജയിച്ചു. ഇവരെ സ്ഥലത്തെത്തിയ ഒരു പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. മറ്റു മൂന്ന് പേരെ പിന്നീടാണ് പിടികൂടിയത്.