ചാലക്കുടി: അയ്യപ്പകർമ്മ സമിതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹാർത്താൽ ചിലയിടങ്ങളിൽ അനിഷ്ട സംഭവങ്ങൾക്ക് വഴിവച്ചു. കടയ്ക്കുനേരെ ആക്രമണം നടത്തിയ ഒരാൾ അറസ്റ്റിൽ. മുന്നൂറോളം പേരുടെ പേരിൽ കേസ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് അതിക്രമിച്ച് കയറിയ ഹർത്താൽ അനുകൂലികൾ അവിടെ തുറന്നു പ്രവർത്തിച്ചിരുന്ന കാന്റീന് നേരെ ആക്രമണം നടത്തുകയായിരുന്നു.
ഇവിടുത്തെ അലമാര തകർത്തതിന് പടിഞ്ഞാറെ ചാലക്കുടിയിലെ രമേഷിനെയാണ് അറസ്റ്റ് ചെയ്തത്. ബസ് സ്റ്റാൻഡിൽ പ്രകടനം നടത്തിയതിന് 26 പ്രവർത്തകരുടെ പേരിൽ കേസെടുത്തു. സൗത്ത് ജംഗ്ഷനിലെ സി.പി.എമ്മിന്റെ കൊടിമരവും കൊടികളും നശിപ്പിക്കപ്പെട്ടു. ഇതിന് 250 ഓളം പ്രവർത്തകർക്കെതിരെയാണ് കേസ്. പടിഞ്ഞാറെ ചാലക്കുടിയിലെ സി.പി.ഐ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും ബി.ജെ.പിക്കാർ തകർത്തു. മൂഞ്ഞേലിയിൽ തുറന്നു വച്ചിരുന്ന കടയ്ക്ക് നേരെയും ആക്രമണമുണ്ടായി. നഗരത്തിൽ എല്ലാ കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ട്രങ്ക് റോഡ് ജംഗ്ഷനിൽ തുറക്കുന്ന കടകൾക്ക് സംരക്ഷണം നൽകുമെന്ന് സി.പി.എം പ്രവർത്തർ ഉറപ്പു നൽകിയെങ്കിലും വ്യാപാരികൾ അതിന് തയ്യാറായില്ല. സൗത്ത് ജംഗ്ഷനിൽ കടകൾ തുറക്കാൻ ശ്രമിച്ച ഉടമകളെ ഹർത്താൽ അനുകൂലികൾ പിന്തിരിപ്പിച്ചു. വിവാഹ സംഘത്തിന്റെ വാഹനങ്ങളെ മാത്രമാണ് ഹർത്താൽ അനുകൂലികൾ കടത്തിവിട്ടത്.
സി.പി.എം ആർ.എസ്.എസ് പ്രവർത്തകർ നേർക്കുനേർ
ഹർത്താൽ നടത്തിയ ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരും പ്രതിരോധമായി സി.പി.എം പ്രവർത്തകരും നഗരത്തിൽ നടത്തിയ പ്രകടനം ഏറ്റുമുട്ടലിന്റെ വക്കോളം എത്തി. ഉച്ചയ്ക്കായിരുന്നു സംഭവം. പൊലീസിന്റെ അവസരോചിതമായ ഇടപെടൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി. സൗത്ത് ജംഗ്ഷനിലാണ് എന്തും സംഭവിക്കാമെന്ന അവസ്ഥയുണ്ടായത്.
രാവിലെ പതിനൊന്ന് മണിയോടെയാണ് ബി.ജെ.പി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അഞ്ഞൂറോളം പ്രവർത്തകരാണ് മുന്നോട്ടു നീങ്ങിയത്. ആനമല ജംഗ്ഷനിൽ നിന്നും ട്രങ്ക് റോഡ് ജംഗ്ഷനിൽ എത്തുമ്പോൾ അവിടെ സി.പി.എം. പ്രവർത്തകർ നിലയുറപ്പിച്ചിരുന്നതിനാൽ പൊലീസ് കരുതലോടെയാണ് പ്രകടനം കടത്തിവിട്ടത്. കടകൾ തുറക്കുന്ന വ്യാപാരികൾക്ക് സംരക്ഷണം നൽകാനായിരുന്നു സി.പി.എം - സി.ഐ.ടി.യു പ്രവർത്തകർ സ്ഥലത്തെത്തിയത്.
സൗത്ത് ജംഗ്ഷനിലെത്തിയ ഹർത്താൽ അനുകൂലികൾ മേൽപ്പാലത്തിനടിയിൽ കുത്തിയിരുന്നു. ഇരുചക്ര വാഹനങ്ങളെയൊന്നും ഇതിലെ കടത്തിവിട്ടില്ല. തുടർന്ന് അര മണിക്കൂറിനുള്ളിലായിരുന്നു സി.പി.എമ്മിന്റെ പ്രകടനം പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ചത്. മാർക്കറ്റ് റോഡ് കൂടി സൗത്ത് ജംഗ്ഷനിലെത്തുമ്പോൾ സമരക്കാർക്ക് ആവേശം കൂടി. ഇതിനിടെ അമ്പത് മീറ്റർ മാത്രം അകലെ തമ്പടിച്ചിരുന്ന ഹർത്താൽ അനുകൂലികളും മുദ്രാവാക്യം വിളിയാരംഭിച്ചു. ഇതോടെ സി.പി.എം പ്രകടനത്തിലെ പിൻനിരക്കാർ മുന്നോട്ടു കുതിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു.
മറുഭാഗത്തുള്ളവർ വടികൾ കൈയിലെടുത്തതും സംഘർഷാവസ്ഥ പതിന്മടങ്ങ് വർദ്ധിപ്പിച്ചു. പതിനഞ്ച് മിനിറ്റോളം ഇവർ പരസ്പരം മുദ്രാവാക്യങ്ങൾ വിളിച്ചു നിന്നു. ഒടുവിൽ സി.പി.എം നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിച്ച് പ്രകടനം വീണ്ടും പുനരാരംഭിച്ചു. പിന്നീട് പാർട്ടി ഓഫീസ് പരിസരത്ത് ചേർന്ന സി.പി.എം പ്രവർത്തകരുടെ പ്രതിഷേധ യോഗത്തിൽ ഏരിയാ സെക്രട്ടറി ടി.എ. ജോണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.കെ. ഗിരിജാവല്ലഭൻ, പി.എം. ശ്രീധരൻ, അഡ്വ.കെ.ആർ. സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അഭിഭാഷകയ്ക്ക് മർദ്ദനം ഒരാൾ അറസ്റ്റിൽ
ബി.ജെ.പി വഴിതടയലിനിടെ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. യുവമോർച്ച പ്രവർത്തകനായ വെള്ളാഞ്ചിറ സ്വദേശി രഞ്ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ജംഗ്ഷനിൽ ഇന്നോവ കാർ തടഞ്ഞു നിറുത്തിയാണ് അഭിഭാഷകയെ മർദ്ദിച്ചത്. മറ്റ് 15 പേരുടെ പേരിലും കേസെടുത്തു..