തൃശൂർ : ഹർത്താലിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ ജില്ലയിൽ ആയിരത്തോളം പേർക്കെതിരെ കേസ്. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ളവയാണ് ചുമത്തിയിരിക്കുന്നത്. സിറ്റി പരിധിയിൽ പൊലീസിന്റെ കാമറ തകർത്ത സംഭവത്തിൽ പിടികൂടിയ അഞ്ച് പേരെ റിമാൻഡ് ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അടക്കമുള്ളവരെ പ്രതിയാക്കിയും കണ്ടാലറിയാവുന്നവർക്ക് എതിരെയുമാണ് കേസ്.

സിറ്റിയിൽ 39 കേസും കരുതൽ തടങ്കൽ ഉൾപ്പെടെ 106 പേരെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരിയിൽ ഉണ്ടായ അക്രമത്തിൽ 22 പേരെയും, ഗുരുവായൂരിൽ സി.ഐയെ ആക്രമിച്ച കേസിൽ ഏഴു പേരും അറസ്റ്റിലായി. കുന്നംകുളത്ത് അഞ്ചുപേരും ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും രണ്ടുപേർ വീതവും ബുധനാഴ്ചത്തെ അക്രമസംഭവങ്ങളിൽ അറസ്റ്റിലായി. സിറ്റിയിൽ 35 പേരെ കരുതൽ തടങ്കലിൽ എടുത്തിരുന്നു. 16 കേസുകൾ ബുധനാഴ്ചത്തേതാണ്. കാമറ തകർത്തതിൽ അമ്പതിനായിരം രൂപയുടെ നഷ്ടവും, പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടവും ഇവർക്കെതിരെ ചുമത്തി. റൂറൽ പരിധിയിൽ 20 കേസുകളാണ് ചുമത്തിയത്. വാടാനപ്പിള്ളിയിലാണ് പ്രധാനമായും റൂറൽ പരിധിയിലെ സംഘർഷ കേന്ദ്രമായത്. മാള, പുതുക്കാട്, ആമ്പല്ലൂർ എന്നിവിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. 50 പേരെ അറസ്റ്റ് ചെയ്തു. 87,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിലെ നഷ്ടവും റൂറലിലുണ്ടായി.