cpm
സി.പി.എം പ്രവര്‍ത്തകരുടെ പ്രകടനം

വരന്തരപ്പിള്ളി: ശബരിമല കർമ്മസമിതി പ്രവർത്തകരും സി.പി.എം പ്രവർത്തകരും നടത്തിയ പ്രകടനങ്ങൾ വരന്തരപ്പിള്ളി സെന്ററിൽ നേർക്കുനേർ എത്തിയപ്പോൾ ഏറെ നേരം വരന്തരപ്പിള്ളി സംഘർഷത്തിന്റെ വക്കിലായി. ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം. രണ്ടു കൂട്ടരുടെയും മദ്ധ്യേ നില ഉറപ്പിച്ച പൊലീസ് എറെ പണിപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. കൊടി തോരണങ്ങളും ബോർഡുകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സി.പി.എമ്മിന്റെ പ്രകടനം. വേലൂപ്പാടം മഠം ജംഗ്ഷനിൽ നിന്നാണ് സി.പിഎം പ്രവർത്തകർ പ്രകടനമായി സെന്ററിലേക്ക് എത്തിയത്. സി.പി.എം പ്രവർത്തകരുടെ പ്രകടനം വരന്തരപ്പിള്ളി സെന്ററിൽ എത്തുന്നതിന് മുമ്പായി ശബരിമല കർമ്മസമിതി പ്രവർത്തകരുടെ പ്രകടനം വരന്തരപ്പിള്ളിയിൽ നിന്നാരംഭിച്ചു. ഇവർ വരന്തരപ്പിള്ളി പൗണ്ട് ജംഗ്ഷനിലേക്ക് നീങ്ങിയതോടെ പൊലീസ് പ്രകടനം തടഞ്ഞ് നന്തിപുലം റോഡിലേക്ക് തിരിച്ചു. ഇതിനിടെ സി.പി.എം പ്രവർത്തകരുടെ പ്രകടനം സെന്ററിലെത്തി. ഇരുകൂട്ടരും മുദ്രാവാക്യം വിളികളും വെല്ലുവിളികളുമായി. ഇതോടെ എന്തും സംഭവിക്കുമെന്ന സ്ഥിതിയായി. പൊലീസ് ഇരുകൂട്ടർക്കും മദ്ധ്യേ നിലയുറപ്പിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് സംഘർഷാവസ്ഥയ്ക്ക് അയവു വന്നത്. ശബരിമലയിൽ ആചാരലംഘനം നടത്തി യുവതികളെ പ്രവേശിപ്പിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപെട്ടാണ് ശബരിമല കർമ്മസമിതി പ്രവർത്തകർ പ്രകടനം നടത്തിയത്. ചാലക്കുടി ഡി.വൈ.എസ്.പി, സി.ആർ. സന്തോഷ്, വരന്തരപ്പിള്ളി പൊലീസ് സബ് ഇൻസ്‌പെക്ടർ ഐ.സി ചിത്തരഞ്ചൻ, പുതുക്കാട് പൊലീസ് സബ് ഇൻസ്‌പെക്ട്ടർ സുജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്തുത്യർഹമായി സംഘർഷം ഒഴിവാക്കിയത്.