leelyude-veed
പ്രളയത്തിന് ശേഷം തകർന്നു വീഴാറായ വീടിനു മുമ്പിൽ ലീല

കയ്പ്പമംഗലം: പ്രളയത്തിൽ താമസയോഗ്യമല്ലാതായതാണ് ലീലയുടെ വീട്.. ഇപ്പോൾ ലീലയ്ക്ക് വീടു വയ്ക്കണമെങ്കിൽ സ്വന്തം പേരിൽ സ്ഥലം വേണം. എടത്തിരുത്തി പഞ്ചായത്ത് 13 ാം വാർഡ് കൂട്ടാലപറമ്പ് ക്ഷേത്രത്തിനടുത്താണ് 67 വയസുള്ള കളച്ചൻ വീട്ടിൽ ലീലയുടെ വീട്. ഇപ്പോൾ ആരുടെയും സാഹായമില്ലാതെ തകർന്നു വീഴാറായ സ്വന്തം വീടിന് തൊട്ടടുത്ത് അയൽവാസിയുടെ സ്ഥലത്ത് വെച്ചുകെട്ടിയ കുടിലിലാണ് താമസം.

ഭർത്താവിനും ഭർത്താവിന്റെ സഹോദരങ്ങൾക്കും അവകാശപെട്ടതും പട്ടയം ലഭ്യമാക്കാൻ കഴിയാത്തതുമായ മൂന്നര സെന്റിലാണ് തകർന്ന വീട് . ഭർത്താവ് നന്ദൻ മരിച്ചിട്ട് 9 വർഷമായി. ഭർത്താവും 4 പെൺമക്കളുമൊത്ത് 20 വർഷങ്ങൾക്ക് മുമ്പ് ഈ മൂന്നര സെന്റിൽ കേരളത്തിലെ ഒരു മഠം പണിതുകൊടുത്ത ചെറിയ വീട്ടിലായിരുന്നു താമസം.

ഭർത്താവിന്റെ മരണ ശേഷവും പെൺമക്കളുടെ വിവാഹത്തിന് ശേഷവും ലീല ഒറ്റയ്ക്കായി. പ്രളയക്കെടുതിയിൽ ലീലയുടെ ചെറിയ വീട്ടിലും വെള്ളം കയറി. വെള്ളമിറങ്ങിയപ്പോൾ കുതിർന്നു നിന്നിരുന്ന വീട് ഏതു നിമിഷവും നിലം പൊത്തുന്ന അവസ്ഥയിലായി. തൊട്ടടുത്ത അയൽവാസിയുടെ ഔദാര്യത്തിൽ അവരുടെ സ്ഥലത്ത് താത്കാലികമായി വെച്ചുകെട്ടി താമസിക്കുന്നു. തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നെങ്കിലും അസുഖങ്ങൾ കാരണം അതിനും പറ്റാതായി. 1500 രൂപ മരുന്നിന് വേണ്ടി വരും. വിധവ പെൻഷൻ ലഭിക്കുന്നുണ്ട്.

പെൺമക്കൾക്കും സഹോദരങ്ങളായ മറ്റു ബന്ധുക്കൾക്കും സഹായിക്കാനുള്ള അവസ്ഥയല്ല എന്നാണ് ലീല പറയുന്നത്. പട്ടിക ജാതി പട്ടിക വകുപ്പിന്റെ യാതൊരു ആനുകൂല്യവും തനിക്ക് ലഭിച്ചിട്ടില്ലെന്നും, താമസിച്ചുകൊണ്ടിരുന്ന സ്ഥലത്തിന് രേഖകൾ ഇല്ലാത്തതിനാലും , സ്ഥലം സ്വന്തം പേരിലല്ലാത്തതിനാലും വീടെന്ന സ്വപ്‌നം തനിക്ക് അന്യമാവുകയാണെന്നും ലീല വിഷമത്തോടെ പറയുന്നു..