ജില്ലയിൽ കൂടുതൽ പേർ പട്ടികയിൽ ഇടം തേടും
തൃശൂർ: സാമൂഹിക സുരക്ഷാ പെൻഷൻ അർഹരെ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾ ആശ്രയിച്ച വിവരങ്ങളിൽ ഗുരുതര പിഴവ്. അനർഹരെന്ന പേരിൽ പുറത്താക്കിയവർ പെൻഷൻ അദാലത്തുകളിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് ഉദ്യോഗസ്ഥർക്ക് പിഴവ് ബോദ്ധ്യപ്പെട്ടത്. തള്ളിക്കളഞ്ഞ അപേക്ഷകരിൽ അർഹതപ്പെട്ടവരുടെ ഡാറ്റ എൻട്രി ഈ മാസം ഏഴിന് മുമ്പ് പൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം. കൂടുതൽ പരാതികളിൽ അന്വേഷണം നടത്തേണ്ടതിനാൽ തീയതി നീട്ടിത്തരാൻ തദ്ദേശസ്ഥാപനങ്ങൾ സർക്കാരിനോട് ആവശ്യപ്പെടും. 1,200 ചതുരശ്ര അടിയിൽ കൂടുതൽ വലുപ്പമുള്ള വീടുകളുള്ളവർ, 1,000 സി.സിയിൽ കൂടുതൽ എൻജിൻ കാപ്പാസിറ്റിയുള്ള വാഹനങ്ങൾ സ്വന്തമായുള്ളവർ, മരിച്ച പെൻഷൻ ഗുണഭോക്താക്കൾ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇപ്പോൾ തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടത്.
മോട്ടോർ വാഹന വകുപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളിലാണ് കൂടുതൽ പിഴവുള്ളത്. പലർക്കും സ്വന്തമായി വാഹനമില്ല. വാഹനമുള്ളവരുടേതിന് സമാനമായ പേരും ഇനീഷ്യലും ഉള്ളതിന്റെ പേരിൽ പട്ടികയിൽ നിന്ന് പുറത്തായവരാണ് മറ്റു ചിലർ. വീടുകളുടെ കണക്ക് തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്ന് ശേഖരിച്ചതാണ്. അതിലും പിഴവുണ്ട്. പരാതിയനുസരിച്ച് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി അളന്നുനോക്കിയപ്പോഴാണ് തെറ്റ് ബോദ്ധ്യപ്പെട്ടത്. അദാലത്തിൽ പരാതികളുടെ എണ്ണം വർദ്ധിക്കുകയും ഹർത്താലും മുടക്കും മറ്റും മൂലം പ്രവൃത്തിദിനങ്ങൾ നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിൽ പരിശോധനയ്ക്ക് ഇനിയും കൂടുതൽ സമയം വേണ്ടി വരും.
സമർദ്ദമേറെ
ഭർത്താവ് വിദേശത്തുള്ളപ്പോൾ 1,200 സ്‌ക്വയർ ഫീറ്റിൽ കൂടുതൽ വലുപ്പമുള്ള വീട് പണിതു. നാട്ടിലെത്തിയ ഭർത്താവ് മരിച്ചു. മക്കളെല്ലാം വേറെ വീടു വച്ച് താമസിക്കുന്നു. ജീവിക്കാൻ പണിപ്പെടുന്ന വിധവയായ വീട്ടമ്മ. നല്ല കാലത്ത് വീട് പണിതു. രോഗവും മറ്റു പ്രശ്‌നങ്ങളും മൂലം കഷ്ടപ്പെടുന്ന ദമ്പതിമാർ. ഇത്തരത്തിൽ നിയമപരമായി പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയാത്ത നിരവധി പേരുണ്ട്. ഇവരെ ഉൾപ്പെടുത്താൻ സദാ സമയവും സമ്മർദ്ദത്തിലാണ് ജനപ്രതിനിധികൾ. അനർഹരെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ നഷ്ടപരിഹാരം ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കുമെന്നാണ് സർക്കാർ മുന്നറിയിപ്പ്. ഇതിനാൽ കൈവിട്ട കളിക്ക് ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുന്നുമില്ല.
മുൻചരിത്രം
പെൻഷൻ പട്ടികയിൽ അനർഹരുടെ എണ്ണം കൂടുതലാണെന്ന കണ്ടെത്തലിൽ കുറെ നാളുകളായി പുതിയ അപേക്ഷ സ്വീകരിച്ചില്ല. ഡാറ്റ എൻട്രി ചെയ്യേണ്ട പെൻഷൻ സൈറ്റ് സർക്കാർ തന്നെ പൂട്ടുകയായിരുന്നു. ഒരു വർഷത്തിന് ശേഷം സൈറ്റ് തുറന്നെങ്കിലും പെൻഷൻ അർഹത മാനദണ്ഡം സർക്കാർ പരിഷ്‌കരിച്ചു. പുതുതായി ഒമ്പത് കാര്യങ്ങളാണ് സർക്കാർ ഉൾപ്പെടുത്തിയത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയപ്പോൾ അപേക്ഷകരിൽ പലരും അനർഹരാണെന്ന് കണ്ടെത്തി. ഇതിനെതിരെ വ്യാപക പരാതി ഉയർന്നപ്പോഴാണ് പെൻഷൻ അദാലത്ത് നടത്തി അർഹരെ ഉൾപ്പെടുത്താൻ സർക്കാർ നിർദ്ദേശിച്ചത്.