തൃശൂർ: ശബരിമലയിൽ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനെ തുടർന്നുണ്ടായ അക്രമണങ്ങളിൽ ജില്ലയിൽ പ്രതികളായത് 5000 ലേറെ പേർ. ലക്ഷങ്ങളുടെ നഷ്ടവും സംഭവിച്ചു. തൃശൂർ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്തത് 37 കേസുകളാണ്. ഇതിൽ 2,965 പേർ അക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 151 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 47 പേരെ റിമാൻഡ് ചെയ്തു. സിറ്റി പൊലീസ് പരിധിയിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റതായാണ് കണക്ക്.

സി.ഐ പ്രേമാനന്ദ കൃഷ്ണൻ, എസ്.ഐ ബിപിൻ നായർ, അഭിലാഷ്, ജിന്റോ എന്നിവർക്കാണ് പരിക്കേറ്റത്. കരുതൽ നടപടിയായി മൊത്തം 48 പേരെ അറസ്റ്റ് ചെയ്തു. 1,92,000 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായി കേസുണ്ട്. വടക്കാഞ്ചേരി ശിവക്ഷേത്രത്തിന്റെ ഓഫീസ് തകർത്ത കേസിൽ 25,000 രൂപ, ബാരിക്കേഡ്, പൊലീസ് വാഹനത്തിന്റെ ചില്ല് എന്നിവ തകർത്ത സംഭവത്തിൽ 25,000 രൂപ, ഗുരുവായൂർ പൊലീസ് ക്വാട്ടേഴ്‌സിന്റെ ചില്ല് തകർത്തതിന് രണ്ടായിരം രൂപ, തൃശൂർ നഗരത്തിൽ കാമറ, ഡിവൈഡർ, ബാരിക്കേഡ് എന്നിവ തകർത്തതിന് 40,000 രൂപ, ചെറുതുരുത്തി കെ.എസ്.ആർ.ടി.സി ബസ് തകർത്തതിന് ഒരു ലക്ഷം എന്നിങ്ങനെയാണ് പൊലീസിന്റെ കണക്ക്.
റൂറൽ പൊലീസിന്റെ കണക്കിൽ 2,291 പേരാണ് പ്രതികളായത്.

60 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു പേരെ റിമാൻഡ് ചെയ്തതായും റൂറൽ പൊലീസ് വ്യക്തമാക്കി. കൂടുതൽ തുകയുടെ നഷ്ടം ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ അതിർത്തിയിലായിരുന്നു. കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലുകൾ തകർക്കുകയും മറ്റ് കേടുപാടുകൾ വരുത്തുകയും ചെയ്തതിനാണ് ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുള്ളത്.