തൃശൂർ: കേരളത്തിൽ എൽ.പി.ജി ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധന. 3.44 കോടി ജനങ്ങളുള്ള കേരളത്തിൽ 85.2 ലക്ഷം എൽ.പി.ജി കണക്‌ഷനുകളുണ്ടെന്ന് ഭാരത് പെട്രോളിയം കോർപറേഷൻ മാനേജർ എൻ.പി. അരവിന്ദാക്ഷൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 2016 മാർച്ചിൽ 97.2 ശതമാനമായിരുന്നു. 2018 ആയപ്പോൾ 106.3 ശതമാനമായി വർദ്ധിച്ചു. ജില്ലകളിലുള്ള ഉപയോഗവും 106.3 ശതമാനമായി ഉയർന്നു. ജില്ലയിൽ ഉപയോക്താക്കളുടെ എണ്ണം 8,10,266 ആയി വർദ്ധിച്ചു. സിലിണ്ടറുകൾ വിതരണം ചെയ്യുമ്പോൾ അഞ്ചു കിലോമീറ്ററിനുള്ളിൽ സർവീസ് ചാർജ് ഈടാക്കില്ല. അഞ്ചു കിലോമീറ്റർ മുതൽ 15 കിലോമീറ്റർ വരെ 27 രൂപയും 20 കിലോമീറ്റർ വരെ 32 രൂപയുമാണ് പരമാവധി വാങ്ങിക്കാൻ അനുവാദമുള്ള സർവീസ് ചാർജ്. ഒരു വർഷം 12 സിലിണ്ടറുകൾ സബ്‌സിഡിയിൽ ലഭിക്കും. ജില്ലയിൽ ഇന്നലെ 688 രൂപയാണ് സിലിണ്ടറിന്റെ വില. ഇതിൽ 184.96 സബ്‌സിഡിയായി ബാങ്ക് അക്കൗണ്ടിലെത്തും. സബ്‌സിഡി കഴിച്ച് 503.04 രൂപയാണ് സിലിണ്ടറിന്റെ വില. സംസ്ഥാനത്ത് 309 എൽ.പി.ജി വിതരണക്കാരാണുള്ളത്. വിതരണത്തിന്റെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 2019 ഡിസംബറിന് മുമ്പ് 83 വിതരണക്കാരെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതായി അരവിന്ദാക്ഷൻ പറഞ്ഞു. ....