വാടാനപ്പിള്ളി: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിനോട് അനുബന്ധിച്ച് ഗണേശമംഗലത്തുണ്ടായ ബി.ജെ.പി- എസ്.ഡി.പി.ഐ സംഘർഷത്തിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി ബീച്ച് പോസ്റ്റ് ഓഫീസിന് സമീപം (ഇപ്പോൾ ചാവക്കാട് അഞ്ചങ്ങാടി) പുതിയ വീട്ടിൽ മൊയ്നുദ്ദീൻ (26), തളിക്കുളം കൈതക്കൽ പണിക്കവീട്ടിൽ അൻവർ മകൻ ഫായിസ് (33), വാടാനപ്പിള്ളി ബീച്ച് പുതിയ വീട്ടിൽ സെയ്തുമുഹമ്മദ് മകൻ ഫൈസൽ (40), കാട്ടൂർ പൊഞ്ഞനം എസ്.എൻ.ഡി.പി അമ്പലത്തിനടുത്ത് കല്ലുങ്ങൽ അബ്ദുൾ ഖാദർ മകൻ നവാബ് (45) എന്നിവരാണ് അറസ്റ്റിലായത്.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസ്, ഡിവൈ.എസ്.പിമാരായ ഫ്രാൻസിസ് ഷെൽബി, പ്രദീപ് കുമാർ , വലപ്പാട് സി.ഐ ടി.കെ ഷൈജു, എസ്.ഐമാരായ കെ.എസ് സന്ദീപ്, കെ.ജെ ജിനേഷ്, മുഹമ്മദ് റാഫി, സാദിക്ക് അലി, എ.എസ്.ഐമാരായ പി.സി സുനിൽ, സുനിൽ കുമാർ, ഹബീബ്, സീനിയർ സി.പി.ഒമാരായ മുഹമ്മദ് അഷറഫ്, ജോജി, എം.കെ ഗോപി, ഗോപൻ, രാജേഷ്, ജയക്യഷ്ണൻ, ലിജു, ഇ.എഫ് ജീവൻ, സഫീർ ബാബു, പ്രബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഗണേശമംഗലത്ത് തളിക്കുളം സ്വദേശി പണിക്കവീട്ടിൽ ഫയാസിന്റെ ഹോട്ടൽ അടയ്ക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ഹർത്താൽ ദിവസം സംഘർഷമുണ്ടായത്. ഹോട്ടലിൽ തമ്പടിച്ച എസ്.ഡി.പി.ഐക്കാരും ബി.ജെ.പിക്കാരുമായി ഏറ്റുമുട്ടുകയായിരുന്നു, സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകരായ കാട്ടിൽ ഇണ്ണാറൻ ക്യഷ്ണൻ കുട്ടി, ഉണ്ണിക്കോച്ചൻ രതീഷ്, തൃത്തല്ലൂർ മഞ്ഞിപ്പറമ്പിൽ സജിത്ത് എന്നിവർക്ക് വെട്ടേറ്റു. പഞ്ചായത്തംഗം കെ.ബി ശ്രീജിത്തിനും രാമദാസിനും പരിക്കേല്ക്കുകയും ചെയ്തു. ഇവർ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന 50ൽ അധികം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഘർഷത്തെ തുടർന്ന് മേഖലയിൽ പൊലീസ് പട്രോളിംഗും പിക്കറ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.....