നഗരം പരിഭ്രാന്തിയിലായി
തൃശൂർ: പഴയ വാഹനങ്ങളുടെ സ്‌പെയർ പാർട്‌സുകൾ വിൽക്കുന്ന ശക്തൻ സ്റ്റാൻഡിനടുത്തുള്ള പട്ടാളം മാർക്കറ്റിൽ തീപിടിത്തം. ഒരു കട പൂർണമായും ഏഴു കടകൾ ഭാഗികമായും കത്തി നശിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് 2.45ഓടെ ആരംഭിച്ച തീപിടിത്തം രണ്ടുമണിക്കൂറോളം നഗരത്തെ പരിഭ്രാന്തിയിലാക്കി. ആളപായമില്ല. വൈകിട്ട് ആറോടെയായിരുന്നു തീ പൂർണമായും അണച്ചത്.
ഇലക്ട്രിക് ലൈനുകൾ തമ്മിലുരഞ്ഞ് താഴെ വീണ തീപ്പൊരി കരിയിലയിൽ പടരുകയായിരുന്നു. വെള്ളമൊഴിക്കാൻ പമ്പ് സ്റ്റാർട്ട് ചെയ്ത് തൊഴിലാളികൾ തിരിച്ചെത്തിയപ്പോഴേക്കും തീ ആളിപ്പടർന്നു. പഴയ കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ വെട്ടിപ്പൊളിച്ച് വിൽക്കുന്ന കടകൾക്കൊപ്പം ടയറുകടയിലും തീപടർന്നു. മാനംമുട്ടെ കറുത്ത പുക ഉയർന്നതിനൊപ്പം വാഹനങ്ങളുടെ പെട്രോൾ, ഡീസൽ ടാങ്കുകളും പെട്ടിത്തെറിച്ചതോടെ തൊട്ടടുത്ത കടയിലെ ജീവനക്കാർ ഇറങ്ങിയോടി.
ശക്തൻ സ്റ്റാൻഡിലെ യാത്രക്കാരും സമീപവാസികളും പരിഭ്രാന്തരായി. ടയർ കത്തി പുക പടർന്നതിനാൽ ജനങ്ങൾക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. ഇതിനിടയിൽ എയ്‌സ് കോളജ് ബിൽഡിംഗിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലേക്കും തീ പടർന്നു. മരങ്ങളും കത്തിക്കരിഞ്ഞു. ശക്തൻ സ്റ്റാൻഡിലെ ബസുകൾ മാറ്റിയിട്ടു. ശക്തൻ നഗറിലെയും കെ.എസ്.ആർ.ടി.സി റോഡിലെയും ഗതാഗതം പൊലീസ് നിയന്ത്രിച്ചു.
120 ഓളം കടകളാണ് അഞ്ചു വരികളിയായി മാർക്കറ്റിലുള്ളത്. ആദ്യം തീ പടർന്ന ഇ.ഐ ഫ്രാൻസിസിന്റെ കട പൂർണമായും കത്തി നശിച്ചു. കെ.എസ്. ഫ്രാൻസിസ്, പോളി, ജെൻസൺ, ആന്റോ, ഡെന്നി, ജോണി, മോഹനൻ എന്നിവരുടെ കട ഭാഗികമായും കത്തി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വെട്ടിപ്പൊളിക്കാൻ കൊണ്ടിട്ട 40 ഓളം ബൈക്കുകളും കത്തിനശിച്ചു. ഏഴ് സ്റ്റേഷനുകളിൽ നിന്നായി പത്തു യൂണിറ്റ് ഫയർ എൻജിനുകൾ ഉപയോഗിച്ച് 60 ഓളം ജീവനക്കാർ മൂന്നു മണിക്കൂറോളം പണിപെട്ടാണ് തീ പൂർണമായും അണച്ചത്. പഴയ സാധനങ്ങളായതിനാൽ ഒരു കടയ്ക്കും ഇൻഷ്വറൻസ് പരിരക്ഷയില്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കടക്കാർ പറഞ്ഞു.
സിറ്റി പൊലീസ് കമ്മിഷണർ യതീശ് ചന്ദ്ര, റീജണൽ ഫയർ ഓഫീസർ സിദ്ധകുമാർ, ജില്ലാ ഫയർ ഓഫീസർ അഷറഫലി, സ്റ്റേഷൻ ഓഫീസർ ലാസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. മന്ത്രി വി.എസ്. സുനിൽകുമാർ, കെ.രാജൻ എം.എൽ.എ, എന്നിവർ സ്ഥലത്തെത്തി.
സുരക്ഷാക്രമീകരണമില്ല
പട്ടാളം മാർക്കറ്റിലെ ഒരു കടയിൽപോലും തീപിടിത്തമുണ്ടായാൽ അണയ്ക്കാനുള്ള പ്രാഥമിക ഉപകരണങ്ങൾ പോലുമില്ലെന്ന് ഫയർ ഓഫീസർ ലാസർ പറഞ്ഞു. പെട്ടെന്ന് തീപിടിക്കാൻ സാദ്ധ്യതയുള്ള സാധനങ്ങൾ മാർക്കറ്റിൽ കൂട്ടിയിട്ടിരിക്കുകയാണ്. ടാങ്കുകളിൽ ഇന്ധനം ഉണ്ടായതാണ് പൊട്ടിത്തെറിക്ക് കാരണം. മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനിന് കവറിംഗ് ഇല്ല. ഇതിനുമുമ്പും അവിടെ തീപിടിത്തമുണ്ടായിരുന്നു.