തൃശൂർ : കേരളവർമ്മ കോളേജിലെ കായിക താരങ്ങളെ ആക്രമിക്കുമെന്ന് എസ്.എഫ്.ഐ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കായികവകുപ്പ് മേധാവി സ്ഥാനം ഒഴിയാൻ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ തനിക്ക് കഴിയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് വകുപ്പ് മേധാവി പ്രൊഫ. നാരായണ മേനോൻ അറിയിച്ചു. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കായികതാരങ്ങളെ എസ്.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 12ന് ഫ്രെഷേഴ്‌സ് ഡേയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളുടെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്നത്.

വ്യാഴാഴ്ച രാത്രിയിൽ കോളേജിൽ നിന്നും വിനോദയാത്ര പോകാൻ തയ്യാറായി നിന്നിരുന്ന ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർത്ഥിയും ഫുട്‌ബാൾ താരവുമായ ജോയലിനെ അദ്ധ്യാപകരുടെയും സഹപാഠികളുടെയും സാന്നിദ്ധ്യത്തിൽ മർദ്ദിച്ചിരുന്നു. ഇന്നലെ മലയാളം വിദ്യാർത്ഥികളായ നാല് ജൂഡോ താരങ്ങൾക്ക് നേരെയും അക്രമം അഴിച്ചുവിട്ടു. ഇ.കെ. ബാലൻ രക്തസാക്ഷി ദിനം ആചരിച്ച ശേഷം ഒരു കൂട്ടം മുൻ എസ്.എഫ്.ഐക്കാർ ഹോസ്റ്റലിലെത്തിയാണ് ഇവരെ ആക്രമിക്കാനെത്തിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവർ എസ്.എഫ്.ഐക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് കായികവകുപ്പ് വിഭാഗം മേധാവി പറഞ്ഞു. നിരന്തരഭീഷണി മൂലം ഇന്റർ യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ്ബാൾ ടീമിലെ 11 പേരെ കോളേജ് ഹോസ്റ്റലിൽ നിന്നും മാറ്റേണ്ടി വന്നിരുന്നു. ഇവരെ മണ്ണുത്തിയിലേയ്ക്ക് മാറ്റി .
സംഭവത്തെത്തുടർന്ന് കോളേജ് ഹോസ്റ്റൽ അനിശ്ചിതകാലത്തേയ്ക്ക് അടച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ന് സെന്റ് അലോഷ്യസ് കോളേജിൽ നടക്കാനിരുന്ന ചാവറ ട്രോഫി ഫുട്‌ബാൾ സെമി ഫൈനലിൽ നിന്നും കോളേജ് ടീം പിൻമാറി.