itfok

തൃശൂർ: സംഗീത നാടക അക്കാഡമിയുടെ അന്താരാഷ്ട്ര നാടകോത്സവം 'ഇറ്റ്‌ഫോക്ക്" 20ന് വൈകിട്ട് അഞ്ചിന് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന നാടകപ്രവർത്തകൻ പ്രസന്നയ്‌ക്ക് അമ്മന്നൂർ പുരസ്‌കാരം നൽകും. തുടർന്ന് ഇറ്റ്‌ഫോക്ക് പതിനൊന്നാം എഡിഷനിലെ ആദ്യ നാടകമായി ശ്രീലങ്കയിൽ നിന്നുള്ള ജനകാരാലിയ നാടക സംഘം അവതരിപ്പിക്കുന്ന തിത്തകഹാത്ത/ ബിറ്റർ നെക്ടർ അരങ്ങേറുമെന്ന് അക്കാഡമി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

26വരെ സംഗീത നാടക അക്കാഡമി, സാഹിത്യ അക്കാഡമി, തൃശൂർ പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ അഞ്ചു വേദികളിലായാണ് നാടകം അരങ്ങേറുക. ആറ് വിദേശ നാടകങ്ങളടക്കം പതിമ്മൂന്നു നാടകങ്ങൾ മേളയിലുണ്ട്. നാളെ മുതൽ ഓൺലൈൻ വഴിയും ഫെസ്റ്റിവൽ ദിവസങ്ങളിൽ അക്കാഡമിയിലെ കൗണ്ടറിൽ നിന്നും ടിക്കറ്റുകൾ ലഭിക്കും. ഇതോടനുബന്ധിച്ച് കേരള സാഹിത്യ അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രശസ്തരായ നാടകപ്രവർത്തകരും എഴുത്തുകാരും പങ്കെടുക്കും. സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി. ലളിത, സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, ഫെസ്റ്റിവൽ ഡയറക്ടർ ജി. കുമാരവർമ, ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ ജലീൽ ടി. കുന്നത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.