തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന അംഗപരിമിതരുടെ സഹായത്തിനായി ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ച സാഹചര്യത്തിൽ വിവരം അവരെ അറിയിക്കുന്നതിനായി ആവശ്യമായ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി എസ്. ശ്രീകണ്ഠൻ നായർ നൽകിയ പരാതിയിലാണ് ഉത്തരവ്. ഡിസംബർ ഒമ്പതിന് ഗുരുവായൂർ ക്ഷേത്രത്തിൽ പോയ അംഗപരിമിതനായ തനിക്ക് ദർശനത്തിന് പാസ് ലഭിച്ചില്ലെന്നും ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതിനെ തുടർന്ന് വിളക്ക് കണ്ട് തൊഴുത് പോകേണ്ടി വന്നുവെന്നും പരാതിയിൽ പറയുന്നു. കമ്മിഷൻ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരൻ ദർശനത്തിനെത്തിയ ദിവസം വലിയ തിരക്കായിരുന്നതു കൊണ്ടാണ് പ്രത്യേക പരിഗണന നൽകാൻ കഴിയാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പരാതി ദേവസ്വം ഭരണസമിതിക്ക് സമർപ്പിച്ച് അംഗപരിമിതരുടെ കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് അഡ്മിനിസ്‌ട്രേറ്റർ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ ഇടപെടലിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന അംഗപരിമിതരായ ഭക്തർക്ക് സുഗമമായ ദർശനം ലഭ്യമാക്കാൻ ക്രമീകരണം ഏർപ്പെടുത്തിയതായി അഡ്മിനിസ്‌ട്രേറ്റർ കമ്മിഷനെ പിന്നീട് അറിയിച്ചു. ക്ഷേത്രഗോപുരത്തിന് താഴെയാണ് ഇത് പ്രവർത്തിക്കുന്നത്. ക്ഷേത്രനട തുറന്നിരിക്കുമ്പോഴെല്ലാം സൗകര്യം ലഭ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അംഗപരിമിതർക്ക് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ടെന്ന ബോർഡ് എവിടെയും സ്ഥാപിച്ചിട്ടില്ലെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്കാണ് കമ്മിഷൻ ഉത്തരവ് നൽകിയത്.