കൊടുങ്ങല്ലൂർ: പ്രളയത്തിൽ തകർന്ന ടൂറിസം മേഖലയ്ക്ക് കരുത്തേകാൻ ലക്ഷ്യമിട്ടുള്ള മുസിരിസ് പാഡിലിന് തുടക്കമായി. പുഴയെ അറിയാനും തുഴയെറിയാനും ആർത്തുല്ലസിക്കാനുമായി നടത്തിയ ദീർഘദൂര കയാക്കിംഗ്- സ്റ്റാൻഡപ് പാഡ്‌ലിംഗ് (എസ് യു പി) - സെയിലിംഗ് യാത്രയിൽ നൂറോളം പേർ പങ്കു കൊണ്ടു. വിദേശികളടക്കമുള്ള ഇവരിൽ 12 കുട്ടികളും 15 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.
സ്റ്റാൻഡപ് പാഡിലിൽ ഗംഗാ നദി മുഴുവൻ സഞ്ചരിച്ച് ലോക റെക്കാഡ് നേടിയ ശിൽപ്പിക ഗൗതം (ലണ്ടൻ), കയാക്കിംഗ് താരം ജിം ബുഷ് (ഓസ്‌ട്രേലിയ) എന്നിവരാണ് സംഘത്തിലെ പ്രശസ്തർ. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയായ അഞ്ചു വയസുകാരൻ നൈജൽ പൂവഞ്ചേരിയാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ. സഹോദരനും പതിനൊന്നു വയസുകാരനുമായ നഥാൻ, ഉമ്മ ഷഹറീന എന്നിവരോടൊപ്പമാണ് നൈജൽ മുസിരിസ് പാഡിലിൽ പങ്കെടുക്കാനെത്തിയത്. 65 കാരനായ കോഴിക്കോട് സ്വദേശി അബ്ദുൾ റഷീദാണ് സംഘത്തിലെ പ്രായം കൂടിയ ആൾ. പുഴയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക, ജല സാഹസിക കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുക, നദികളിൽ അടിഞ്ഞു കൂടിയ മാലിന്യം ശേഖരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മുസിരിസ് പാഡിൽ സംഘടിപ്പിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബ്ബും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡുമാണ് സംഘാടകർ. കോട്ടപ്പുറത്തെ ആംഫി തിയേറ്ററിന് സമീപത്തെ ബോട്ട് ജെട്ടിയിൽ അഡ്വ.വി.ആർ സുനിൽ കുമാർ എം.എൽ.എ യാത്ര ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ്, ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സിന്റെ സ്ഥാപകൻ കൗശിക്ക് കോടിത്തൊടിക എന്നിവർ സംബന്ധിച്ചു.