തൃശൂർ: പ്രളയത്തിൽ വാസസ്ഥലം നഷ്ടപ്പെട്ട പുറമ്പോക്ക് ഭൂമിക്കാർക്ക് വേറെ ഭൂമി കണ്ടെത്തി നൽകണമെന്ന് ജില്ലാ കളക്ടർ ടി.വി. അനുപമ. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള സഹായത്തിനായി ലഭിച്ച അപേക്ഷകളിൽ നിന്ന് ഇത്തരക്കാരെ കണ്ടെത്തി തഹസിൽദാർമാരും വിവിധ സന്നദ്ധസംഘടനകളും ചേർന്ന് അവർക്കാശ്യമായ സഹായം നൽകണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

പ്രളയത്തിൽ വാസസ്ഥലം നഷ്ടമായവർക്ക് വീടും സ്ഥലവും അനുവദിക്കുന്നതിനായുള്ള അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയാനന്തര ദുരിതസഹായത്തിൽ അവരെ ഉൾപ്പെടുത്താനാവാത്തതിനാലാണ് ഇപ്രകാരം ചെയ്യുന്നതെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ കണ്ടെത്തിയ ഭൂമിയിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ അടിയന്തര നടപടിയുണ്ടാകണം.

ചിലയിടങ്ങളിൽ ഫ്‌ളാറ്റുകളിലേക്ക് മാറിത്താമസിക്കാൻ വിസമ്മതിക്കുന്നവർക്ക് ഭൂമി തന്നെ കണ്ടെത്തി നൽകാൻ കഴിയുമോ എന്ന് പരിശോധിക്കണം. സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ ഭൂമി കണ്ടെത്തി നൽകുന്നതിനുള്ള സമയം മാർച്ച് വരെയാണെന്നുള്ള വിവരം എല്ലാ അപേക്ഷകരെയും ധരിപ്പിക്കണം. പരിഹരിക്കപ്പെടാതെ കിടക്കുന്ന ഭൂമിപ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണം. പോരാതെ വരുന്ന ഭൂമി പഞ്ചായത്തുകളുമായി സഹകരിച്ച് വാങ്ങാൻ ശ്രമിക്കണമെന്നും കളക്ടർ അറിയിച്ചു. എ.ഡി.എം സി. ലതിക, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) എം.ബി. ഗിരീഷ്, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.....