bike

എറവിൽ ശനിയാഴ്ച ബസുമായി കൂട്ടിയിടിച്ച് തകർന്ന ബൈക്ക്, അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.

അരിമ്പൂർ: അപകടങ്ങൾ തുടർക്കഥയാകുമ്പോഴും പ്രതിവിധി ഇല്ലാതെയാണ് കാഞ്ഞാണി തൃശൂർ പാതയിലൂടെയുള്ള യാത്ര. ശനിയാഴ്ച നടന്ന അപകടത്തിൽ കോളങ്ങാട്ടുകര സ്വദേശി മരിച്ചതടക്കം രണ്ടു വർഷത്തിനിടെ പൊലിഞ്ഞത് 14 ജീവനുകൾ. തൃശൂർ കാഞ്ഞാണി സംസ്ഥാനപാതയിലൂടെ സഞ്ചരിക്കുന്നവരുടെ സ്വപ്നമാണ് അപകടം കൂടാതെ അരിമ്പൂർ പഞ്ചായത്ത് കടന്നുപോകുവാൻ. ശനിയാഴ്ച ഉണ്ടായ രണ്ട് വ്യത്യസ്ത അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു.

റോഡിലെ കുഴിയിൽ വീണ് മരണപ്പെട്ടവർ ആണ് ഭൂരിഭാഗവും. റോഡിന്റെ ശോച്യാവസ്ഥ മൂലമുണ്ടാകുന്ന ട്രാഫിക് ബ്ലോക്കും സ്ഥിരം സംഭവങ്ങളാണ്. ഇത് മറികടക്കാനായി അമിത വേഗത്തിൽ പായുന്ന സ്വകാര്യ ബസുകളാണ് നിരത്തിലെ പ്രധാന വില്ലൻ. ഇരുചക്രവാഹനങ്ങളിൽ പായുന്നവരും മറ്റു വാഹനങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. അപകടങ്ങൾക്ക് കാരണമായി എല്ലാവരും ചൂണ്ടിക്കാണിക്കുന്നത് റോഡിന്റെ ശോച്യാവസ്ഥയാണ്.

ശരാശരി ആഴ്ചയിൽ മൂന്ന് അപകടങ്ങൾ വീതം ഈ പ്രദേശത്ത് നടക്കുന്നുണ്ട്. പലരും കേസിനു പോകാതെ വഴിയിൽ തന്നെ ഒത്തു തീർക്കുകയാണ്. മരണം സംഭവിക്കുമ്പോഴാണ് വാർത്തയാകുന്നത് എന്നും സമീപവാസികൾ പോലും അപകടങ്ങൾ നടന്നത് അറിയുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. അരിമ്പൂർ പഞ്ചായത്തിൽ മാത്രം ശനിയാഴ്ച രണ്ട് അപകടങ്ങൾ നടന്നു. ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കോളങ്ങാട്ടുകര സ്വദേശി വെങ്ങാശ്ശേരി വീട്ടിൽ ഗോവിന്ദൻകുട്ടിയാണ് മരിച്ചത്. ഒന്നര കിലോമീറ്റർ അപ്പുറത്ത് നടന്ന അപകടത്തിൽ ഉഷ സ്റ്റോപ്പിനു മുന്നിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനങ്ങളുടെ അമിതവേഗത്തിന് കടിഞ്ഞാണിടാൻ പൊലീസ് മുൻകൈയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

..................................

വില്ലനാകുന്നത്

റോഡിന്റെ ശോച്യാവസ്ഥ

ബസുകൾ അടക്കമുള്ള വാഹനങ്ങളുടെ അമിതവേഗത

നടക്കുന്നത് ശരാശരി ആഴ്ചയിൽ മൂന്ന് അപകടങ്ങൾ വീതം