ഗുരുവായൂർ: മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാൻ പാടില്ലെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ. ഭരണഘടനാനുസൃതമായ ഉത്തരവാദിത്വങ്ങൾ ഭരണകൂടം നിർവഹിക്കുമ്പോൾ അതിനെതിരെ സമരമാർഗങ്ങൾ അവലംബിക്കുന്നത് പരാജയഭീതിയിൽ നിന്നാണെന്നും ഇത് ജനങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് ഗുരുവായൂരിൽ നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, നേതാക്കളായ സുഭേഷ് സുധാകർ, കെ.പി. സന്ദീപ്, അഡ്വ. പി.ഗവാസ്, അഡ്വ. സമദ്, അനിത രാജ്, സി.വി. ശ്രീനിവാസൻ, എൻ.പി. നാസർ, അഭിലാഷ് വി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.