krishi
അന്തിക്കാട് കോൾപടവിൽ വെള്ളായണി കാർഷിക കോളേജിലെ വിദ്യാർത്ഥി സംഘം കർഷകരോടൊപ്പം കൃഷി രീതികൾ പഠിക്കുന്നു

അന്തിക്കാട്: കൃഷിയിടങ്ങളിൽ കർഷകരിലൊരാളായി മാറി അനുഭവങ്ങളിലൂടെ പഠിച്ചിറങ്ങാൻ അന്തിക്കാട് എന്ന കാർഷിക ഗ്രാമത്തിൽ പത്ത് ദിവസം ചെലവിടാനായി എത്തിയിട്ടുള്ളത് നൂറിൽപ്പരം വിദ്യാർത്ഥികൾ. തിരുവനന്തപുരം വെള്ളായണി കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥികളാണ് കാർഷിക സഹവാസ പരിപാടി നിറവ് 2018 ന്റെ ഭാഗമായി അന്തിക്കാടുള്ള കർഷകരെയും കൃഷിരീതികളെയും പറ്റി പഠിക്കുന്നതിന് എത്തിയത്.

പത്ത് ദിവസമാണ് കാർഷിക മേഖലയിലെ പഠനം. ലാബിന്റെ ഉള്ളിൽ മാത്രം ഒതുങ്ങിയുള്ള പഠന രീതിയിൽ നിന്നും വ്യത്യസ്തമായി പരമ്പരാഗത കർഷകരുടെ അറിവുകൾ സ്വായത്തമാക്കാനും, ആധുനിക മരുന്ന് പ്രയോഗങ്ങളും ,യന്ത്രവത്കൃത കൃഷി രീതികളെ കുറിച്ച് അവബോധം നൽകുവാനും കൂടിയുള്ള ലക്ഷ്യം ഇവർക്കുണ്ട്. അഞ്ച് പേർ വീതം ഇരുപത്തിയൊന്ന് ഗ്രൂപ്പുകളായാണ് കർഷകരോടൊപ്പം സഞ്ചരിക്കുന്നത്. പശു പരിപാലനവും ഇവർ ഇവിടെ ക്ഷീര കർഷകർക്കടുത്ത് നിന്നും മനസിലാക്കി. പശുവിനെ കുളിപ്പിക്കൽ, കറവ , പാൽ വിതരണം തുടങ്ങിയവയിലും കർഷകരോട് ചേർന്ന് പ്രവർത്തിച്ചു. പാടശേഖരത്തിലെ നെല്ലിൽ കീടനാശിനി പ്രയോഗം കൂടുതലാണെന്ന് കണ്ടെത്തിയ സംഘം ഇവയ്ക്കുള്ള മാർഗ നിർദ്ദേശങ്ങൾ കർഷകർക്ക് നൽകാനുള്ള തയ്യാറെടുപ്പിലാണ്. അന്തിക്കാട് ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ വിദ്യാർത്ഥി സംഘം അഗ്രോ ക്ലിനിക്കുകളും നടത്തുന്നുണ്ട്. വെള്ളായണി സസ്യ രോഗ വിഭാഗം മേധാവി ഡോ.എം. ജോയ് ക്ലാസ് നയിക്കും. അസിസ്റ്റന്റ് പ്രൊഫ. ഡോ.അലൻ തോമസിന്റെ നേതൃത്വത്തിലാണ് സംഘം അന്തിക്കാട് മേഖലയിൽ പഠനം നടത്തുന്നത്.