ഗുരുവായൂർ: ഹർത്താൽ ദിനത്തിൽ ഗുരുവായൂരിൽ പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്ത സംഭവത്തിൽ അറസ്റ്റിലായ മഹിളാമോർച്ച നേതാവടക്കമുള്ള മൂന്ന് പേരെ റിമാൻഡ് ചെയ്തു. ഹർത്താൽ ദിനത്തിൽ ശബരിമല കർമ്മ സമിതി നടത്തിയ പ്രകടനത്തിനിടെ കിഴക്കെനടയിൽ സി.ഐ.ടി.യു ഓഫീസിന് സമീപം പൊലീസ് വാഹനം എറിഞ്ഞ് ചില്ല് തകർത്തിരുന്നു.
പൊതുമുതൽ നശിപ്പിച്ചതിനാണ് പ്രകടനം നയിച്ച നേതാക്കളടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സി. നിവേദിത, പാർത്ഥസാരഥി ക്ഷേത്ര വിമോചന സമിതി കൺവീനറും ആർ.എസ്.എസ്. നേതാവുമായ പടിഞ്ഞാറെ നട കരുമത്തിൽ മുരളി വിഹാറിൽ മുരളി (33), പുന്ന കൈപ്പുള്ളി വീട്ടിൽ വിജയകൃഷ്ണൻ (33) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവർ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഒരാളെ കൂടി ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊരഞ്ഞിയൂർ കൊഴക്കിയിൽ വീട്ടിൽ രമേഷാണ് (40) അറസ്റ്റിലായിട്ടുള്ളത്. ഇയാളെയും കോടതി റിമാൻഡ് ചെയ്തു.