തൃശൂർ: ശബരിമല ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് സംഘപരിവാർ നടത്തിയ കലാപങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് എൻ.എസ്.എസിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എ.ഐ.വൈ.എഫ് നവോത്ഥാന സംരക്ഷണ യാത്രകളുടെ സമാപനം തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമദൂരത്തിലാണ് തങ്ങളെന്നു പറയുന്ന സുകുമാരൻ നായർ സംഘപരിവാർ കലാപത്തെക്കുറിച്ച് മിണ്ടിയിട്ടില്ല.ഇത്തരം സമദൂരം എങ്ങനെ സ്വന്തം അണികളെ വിശ്വസിപ്പിക്കാനാകും? വിശ്വാസികളെന്നും അവിശ്വാസികളെന്നും ജനങ്ങളെ വേർതിരിച്ച് കലാപമുണ്ടാക്കാനുള്ള ചെറുക്കപ്പെടണം.
വിശ്വാസം വ്യക്തിപരമാണ്. അത് സാമൂഹികമാണെന്നു വരുത്തി വേർതിരിവുണ്ടാക്കാനാണ് കലാപകാരികൾ ശ്രമിക്കുന്നത്. പ്രതിപക്ഷമായ കോൺഗ്രസ് സംഘപരിവാരിന്റെ നയങ്ങൾ പിന്തുടർന്ന് കലാപത്തിന് കൂട്ടുനിന്നു. പണ്ടൊക്കെ പറഞ്ഞിരുന്നത് കോൺഗ്രസിന്റെ ബി ടീമാണ് ബി.ജെ.പി എന്നാണ്. ഇപ്പോൾ ബി.ജെ.പിയുടെ ബി ടീമായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.