കാഞ്ഞാണി: സംസ്ഥാന പാതയിൽ കാഞ്ഞാണിയിൽ കാരമുക്ക് പള്ളിക്കു മുൻപുള്ള നടപ്പാത ഇളകി മാറിയത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ഈ ഭാഗത്തെ നടപ്പാതയുടെ സ്ലാബുകളാണ് തകർന്നു കിടക്കുന്നത്. എതിർ വശത്ത് നടപ്പാത ഇല്ലാത്തതിനാലും സ്ലാബുകൾ തകർന്നു കിടക്കുന്നതിനാലും യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഇതിനോട് ചേർന്നാണ് തിങ്കളാഴ്ച പുലർച്ചെ ബൈക്ക് ലോറിക്ക് പിറകിലിടിച്ച് വിദ്യാർത്ഥി മരിച്ചത്. മാസങ്ങളായി തകർന്നു കിടക്കുന്ന നടപ്പാത അടിയന്തരമായി സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.