തൃശൂർ: തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്കിൽ ബി.എം.എസ് പങ്കെടുക്കില്ലെന്ന് ദേശീയ അദ്ധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ വ്യക്തമാക്കി. പണിമുടക്ക് രാഷ്ട്രീയപ്രേരിതവും അനവസരത്തിലുള്ളതുമാണ്. പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പണിമുടക്ക്. തൊഴിലാളികളോട് ഏറ്റവും അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലേത്.
പ്രധാനമന്ത്രി നേരിട്ട് തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തി. അഞ്ചംഗ മന്ത്രിതല സമിതി രൂപീകരിച്ചു. ഒട്ടേറെ ആനുകൂല്യങ്ങളും അവകാശങ്ങളും ഈ സമിതി പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്. യു.പി.എ സർക്കാർ നിഷേധിച്ച നിരവധി ആനുകൂല്യങ്ങൾ എൻ.ഡി.എ സർക്കാർ അനുവദിച്ചിട്ടുണ്ട്. ബോണസ് പരിധി ഇരട്ടിയാക്കി. പ്രസവാവധി ഇരട്ടിയാക്കി. മരണാനുകൂല്യം ഒരു ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമാക്കി. ഇ.പി.എഫ് പെൻഷൻ 3000 രൂപയാക്കാനുള്ള നടപടികൾ നടന്നുവരുന്നു. ഇ.എസ്.ഐ പരിധി 15,000 ൽ നിന്ന് 21,000 രൂപയാക്കി. 160 ൽപരം തൊഴിൽ മേഖലകളിൽ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചു. കേരളത്തിൽ അധികാരത്തിൽ വന്ന ഇടത് സർക്കാർ, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ശ്രമിക്കുന്നത്.
കേന്ദ്ര സർക്കാർ വിളിച്ച യോഗങ്ങളിൽ പങ്കെടുക്കുകയോ ചർച്ചയ്ക്ക് തയ്യാറാവുകയോ ചെയ്യാതെ മുൻകൂർ നോട്ടീസ് പോലും നൽകാതെയാണ് 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചതെന്ന് സജി നാരായണൻ ചൂണ്ടിക്കാട്ടി. ബി.എം.എസ് ദേശീയ നിർവാഹക സമിതിയംഗം വി. രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ,തൃശൂർ ജില്ലാ പ്രസിഡന്റ് എ.സി. കൃഷ്ണൻ, ജനറൽ സെക്രട്ടറി എം.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.