ചാലക്കുടി: അവനവനു വേണ്ടി മാത്രമല്ല, സമൂഹത്തിന് വേണ്ടി കൂടിയാണ് ജീവിക്കേണ്ടതെന്ന മഹാത്മ ഗാന്ധിജിയുടെ സന്ദേശം വിദ്യാർഥികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നതിനാൽ അലംഭാവം പാടില്ലെന്നു മിസോറാം ഗവർണർ ഡോ. കുമ്മനം രാജശേഖരൻ. വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ ഒരുക്കുന്ന മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂൾ പ്രിൻസിപ്പൽ എം.കെ. ശ്രീനിവാസൻ അദ്ധ്യക്ഷനായി. ഭാരത്തിലെ മികച്ച താലൂക്ക് ആശുപത്രിയായി തിരഞ്ഞെടുത്ത ചാലക്കുടി ഗവ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയുടെ സൂപ്രണ്ട് ഡോ. എം.ജി. ശിവദാസിനെ കുമ്മനം ആദരിച്ചു. സ്‌കൂളിന്റെ ഉപഹാരം കുമ്മനം രാജശേഖരനു നഗരസഭാദ്ധ്യക്ഷ ജയന്തി പ്രവീൺകുമാർ സമ്മാനിച്ചു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭൻ ഭദ്രദീപം തെളിച്ചു. നഗരസഭാ ഉപാദ്ധ്യക്ഷൻ വിൻസെന്റ് പാണാട്ടുപറമ്പൻ, നഗരസഭാ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, സ്‌കൂൾ മാനേജർ യു. പ്രഭാകരൻ, ക്ഷേമസമിതി അദ്ധ്യക്ഷൻ ടി.പി. അജയകുമാർ എന്നിവർ പ്രസംഗിച്ചു.
ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ 1500 വിദ്യാർത്ഥികളുടെ വീടുകൾക്കു പുറമെ ആയിരത്തിലധികം കുടുംബങ്ങളിൽ ഗാന്ധിജിയുടെ ആത്മകഥ സൗജന്യമായി എത്തിക്കും. വിദ്യാർത്ഥികൾക്കായി പ്രബന്ധ രചന മത്സരം, ഗൃഹ സമ്പർക്ക പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, ലഘു രേഖ വിതരണം, സെമിനാറുകൾ എന്നിവ ഒരുക്കും.