കൊടുങ്ങല്ലൂർ: പണത്തിനായി എന്തും ചെയ്യുന്ന സാമൂഹിക വിരുദ്ധരെ ചട്ടുകങ്ങളാക്കി എസ്.എൻ.ഡി.പി.യോഗം നേതാക്കളെ അവഹേളിക്കാനും അത് വഴി സാമുദായിക സംഘർഷം സൃഷ്ടിക്കാനുമുള്ള നീക്കം തീക്കൊള്ളി കൊണ്ടുള്ള തല ചൊറിയലാണെന്ന് എസ്.എൻ.ഡി.പി യോഗം വനിതാ സംഘം സംസ്ഥാന പ്രസിഡന്റ് ഷീബ ടീച്ചർ പറഞ്ഞു.
നെറികേടിന്റെ പര്യായങ്ങളെന്ന് വിശേഷിപ്പിക്കാവുന്നവർക്കേ ഇത്തരം കുത്സിത പ്രവൃത്തികൾക്കൊപ്പം നിൽക്കാനാകൂ. ബി.ജെ.പിയിലെ ഒരു വിഭാഗം ശബരിമല ആചാര സംരക്ഷണ സമിതിയുടെ പേരിൽ നഗരത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും വനിതാ സംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി സംഗീത വിശ്വനാഥിന്റെയും കോലം കത്തിച്ച നടപടിയിൽ പ്രതിഷേധിച്ച് യോഗം പ്രവർത്തകർ നടത്തിയ പ്രകടനത്തിന് ശേഷം ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷീബ ടീച്ചർ.
നെടിയതളി ശിവക്ഷേത്ര പരിസരത്ത് നിന്നാണ് യോഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചത്. നഗരം ചുറ്റി വില്ലേജ് ഓഫീസ് പരിസരത്ത് സമാപിച്ച പ്രകടനത്തിൽ നിരവധി പേർ അണിചേർന്നു. പ്രതിഷേധ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ ആമുഖ പ്രസംഗം നടത്തി. യോഗം കൗൺസിലർമാരായ ബേബിറാം, പി.കെ. ജയന്തൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സി.ബി. ജയലക്ഷ്മി ടീച്ചർ നന്ദി പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ വെള്ളാപ്പള്ളി സംഘാടകനായതിലും വനിതാ മതിൽ വൻ വിജയമായതിലുമുള്ള അസഹിഷ്ണുതയുമാണ് കോലം കത്തിക്കലിന് പ്രേരകമായതെന്നാണ് നിഗമനം. കോലം കത്തിക്കലിന് ബി.ജെ.പിയുമായി ബന്ധമില്ലെന്ന് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും ബി.ജെ.പി.യുടെ അറിയപ്പെടുന്ന നേതാക്കളാണ് കോലം കത്തിക്കൽ സംഘടിപ്പിച്ചത്.....