കൊടുങ്ങല്ലൂർ: ബാബാസായ് എജുക്കേഷണൽ ട്രസ്റ്റിന്റെ 2018ലെ സായിരത്ന പുരസ്കാരം കവി അക്കിത്തം നമ്പൂതിരിക്ക് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ അമ്പാടി ബാലകൃഷ്ണൻ പത്ര സമ്മേളനത്തിൽ പറഞ്ഞു. മലയാളഭാഷാ സാഹിത്യത്തിന് അക്കിത്തം നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് 50,001 രൂപയും കീർത്തിഫലകവും പൊന്നാടയുമടങ്ങുന്ന സായി രത്ന പുരസ്കാരത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുള്ളത്.

സാഹിത്യ, സാംസ്കാരിക, ആത്മീയ, സേവന മേഖലകളിൽ സമുന്നതമായ സംഭാവനകൾ നൽകിയ ശ്രേഷ്ഠവ്യക്തികൾക്കായാണ് സായീരത്ന പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. സി.ബി.എസ്.ഇ സിലബസിൽ തീരദേശത്തെ ഏറ്റവും വലിയ വിദ്യാലയമായി വളർന്ന ശ്രീ സായി വിദ്യാഭവൻ സ്കൂളിന്റെ പതിനാറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ജനു.12ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ. എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ശ്രീ സത്യസായി സേവാ ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. പ്രഭാകരൻനായർ മുഖ്യാതിഥിയാകുമെന്നും സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.എ. മോഹനൻ മാനേജിംഗ് കമ്മിറ്റിയംഗം എൻ.വി.ഷാജി, സി. നന്ദകുമാർ, വിഷ്ണു സായി മേനോൻ എന്നിവർ വിശദീകരിച്ചു.