തൃശൂർ: കൊമ്പഴയിൽ പവർഗ്രിഡിന്റെ പൈപ്പ് ലൈൻ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ രണ്ട് തൊഴിലാളികൾക്ക് നാട്ടുകാരുടെയും പൊലീസിന്റെയും സഹ തൊഴിലാളികളുടെയും അതിവേഗ രക്ഷാപ്രവർത്തനം ജീവൻ തിരിച്ചു കിട്ടി. ഇരുവരെയും പുറത്തെടുത്ത് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീഹാർ സ്വദേശികളായ രാജീവ് കുമാർ (23), ഹഡൈസിംഗ് (32) അപകടത്തിൽപ്പെട്ടത്. ഇരുവരുടെയും നില ഗുരുതരമാണ്.
ദേശീയപാതയിൽ ആറുവരിപ്പാത അവസാനിക്കുന്നതിനടുത്ത് കൊമ്പഴയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. തമിഴ്‌നാട്ടിലേക്കുള്ള പവർഗ്രിഡിന്റെ ലൈൻ പൈപ്പിനുള്ളിലൂടെ കൊണ്ടുപോകാനായി കുഴിക്കുമ്പോൾ ഒരു ഭാഗം ഇടിയുകയായിരുന്നു. സമീപത്ത് ഗെയിൽ പൈപ്പ് ലൈൻ പണിയും നടക്കുന്നുണ്ട്. അപകടത്തിൽ രണ്ട് തൊഴിലാളികൾ മണ്ണിനടിയിലായി. പണിക്കായി കൊണ്ടുവന്ന ജെ.സി.ബി ഉപയോഗിച്ച് തൊഴിലാളികളും നാട്ടുകാരും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഈ സമയം ഇതുവഴി കടന്നുപോയ ഹൈവേ പൊലീസും സ്ഥലത്തെത്തി. പീച്ചി പൊലീസിനെ അറിയിച്ചു. ജെ.സി.ബി ഉപയോഗിച്ച് അതിവേഗം മണ്ണുനീക്കി തൊഴിലാളികളെ പുറത്തെടുത്തു. പൊലീസ് വണ്ടിയിൽ ഇരുവരെയും കയറ്റി ആശുപത്രിയിലേക്ക് നീങ്ങി. ആംബുലൻസുകൾ എത്തിയപ്പോൾ മാറ്റി കയറ്റി. തൃശൂരിൽ നിന്ന് അഗ്‌നിശമനസേനയും എത്തിയിരുന്നു.