ചാലക്കുടി: ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെട്ട് സൗഹൃദം ദൃഢമാക്കി വിവാഹ വാഗ്ദാനം നൽകി അവരിൽ നിന്ന് തന്ത്രപൂർവ്വം പണവും ആഭരണങ്ങളും കവർന്ന കേസിൽ അങ്കമാലി വട്ടപ്പറമ്പ് സ്വദേശി കൊല്ലേരി വീട്ടിൽ സുബ്രന്റെ മകൻ പ്രതീഷെന്ന (25) മൂട്ട പ്രതീഷിനെ ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം ആലുവയിലെ ഒളിസ്ഥലത്തു നിന്നും പിടികൂടി.
ഇപ്പോൾ കൊരട്ടി മാമ്പ്ര ചെട്ടിക്കുന്ന് കോളനിയിലെ താമസക്കാരനാണ് പ്രതീഷ്. ആമ്പല്ലൂർ സ്വദേശിനിയും സൗദി അറേബ്യൻ ആരോഗ്യവകുപ്പിന് കീഴിലെ നഴ്‌സുമായ യുവതിയുടെ പക്കൽ നിന്നും എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വിവാഹ പരസ്യം കണ്ട് യുവതിയുടെ ഫോൺ നമ്പറിൽ സിഡ്‌നിയിൽ ജോലി ചെയ്യുന്ന യുവാവെന്ന വ്യാജേന വിളിച്ച പ്രതീഷ് യുവതിയെ തന്ത്രപരമായി കുടുക്കുകയായിരുന്നു. ആസ്‌ട്രേലിയൻ പൗരത്വമുള്ളവനാണെന്ന് വിശ്വസിപ്പിച്ചു. പിതാവ് അമേരിക്കയിൽ നാസയിൽ പര്യവേഷകനാണെന്നും സഹോദരിമാർ രണ്ടു പേർ കനേഡിയൻ പൗരത്വമുള്ളവരാണെന്നും മാതാവ് മാത്രമാണ് കേരളത്തിലുള്ളൂവെന്നും യുവതിയെ ധരിപ്പിച്ചു. ഇതു വിശ്വസിച്ച യുവതി ഫേസ് ബുക്ക് വിവരങ്ങളും വാട്‌സാപ്പ് നമ്പരും നൽകി..
ഇതു വഴി വിദേശത്തുള്ള മറ്റൊരു യുവാവിന്റെ ഫോട്ടോ നൽകി തന്റേതാണെന്ന് പറഞ്ഞ് ഇയാൾ യുവതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നീട് തന്ത്രങ്ങൾ പ്രയോഗിച്ച് രണ്ടു തവണയായാണ് പണം വാങ്ങിയത്. വിഹാഹം ഉടനെ നടത്താമെന്ന് പറഞ്ഞുപോയ ഇയാളെ മാസങ്ങൾ കഴിഞ്ഞിട്ടും കാണാതായപ്പോഴാണ് വീട്ടുകാർ പരാതി നൽകിയത്.
തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ മറ്റു പെൺകുട്ടികളെയും ഇത്തരത്തിൽ കബളിപ്പിച്ച് പണവും സ്വർണ്ണവും തട്ടിയെടുത്തെന്ന് പൊലീസിന് വ്യക്തമായി. എസ്.ഐ.വി.എസ്. വത്സകുമാർ, എ.എസ്.ഐ. ജിനു മോൻ തച്ചേത്ത്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, റെജി എ.യു., ബിനു എം.ജെ, ഷിജോ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.