ട്രെയിൻ തടഞ്ഞു

ഏതാനും പെട്രോൾ പമ്പുകൾ തുറന്നു


തൃശൂർ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്കിന് ജില്ലയിൽ സമ്മിശ്രപ്രതികരണം. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തിയില്ല. കടകൾ ചിലയിടങ്ങളിൽ തുറന്ന് പ്രവർത്തിച്ചു. ശക്തൻ പച്ചക്കറി മാർക്കറ്റിലെ ഏതാനും കടകൾ തുറന്നു. തൃശൂർ ടൗൺ, മുതുവറ, അമല, പേരാമംഗലം, മുണ്ടൂർ, കുട്ടനെല്ലൂർ, പുത്തൂർ, അഞ്ചേരി, പാലയ്ക്കൽ എന്നിവിടങ്ങളിൽ ഒരു വിഭാഗം കടയുടമകൾ കടകൾ തുറന്നു.

പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യാപാരികളും നിർബന്ധിച്ച് കടകൾ അടപ്പിക്കില്ലെന്ന് തൊഴിലാളി സംഘടനകളും വ്യക്തമാക്കിയിരുന്നു. തുടർച്ചയായ ഹർത്താലുകളും പണിമുടക്കുകളും കാരണം ഭീമമായ നഷ്ടമാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരി സംഘടനകൾ കടകൾ തുറക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ പലയിടങ്ങളിലും കടകൾ അടപ്പിക്കാൻ ശ്രമം നടത്തി. നഗരത്തിൽ പെട്രോൾ പമ്പുകൾ ഭാഗികമായി തുറന്നു പ്രവർത്തിച്ചു. തുറന്ന പെട്രോൾ പമ്പുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ പെട്രോൾ പമ്പുകൾ തുറക്കില്ലെന്ന് കരുതി തിങ്കളാഴ്ച രാത്രിയും വൻതിരക്കുണ്ടായിരുന്നു. പമ്പുകളിൽ ഇന്ധനക്ഷാമവും തുടങ്ങി. സ്വകാര്യവാഹനങ്ങൾ നിരവധി നിരത്തിലിറങ്ങി. സർക്കാർ ഓഫീസുകളിൽ ഭൂരിഭാഗം ജീവനക്കാരും ഹാജരായില്ല. ഇതോടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താറുമാറായി. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾക്ക് തടസമുണ്ടായില്ല.

ട്രെയിനുകൾ വൈകി

റെയിൽവേ സ്റ്റേഷനുകളിൽ പണിമുടക്ക് അനുകൂലികൾ ട്രെയിനുകൾ തടഞ്ഞു. തൃശൂരിൽ ട്രെയിൻ തടഞ്ഞ 50ഓളം പേർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. ട്രെയിനുകൾ തടഞ്ഞതിനെ തുടർന്ന് വൈകിയാണ് ഒാടിയത്. ഇന്നലെ പുലർച്ചെ 12.15ന് തൃശൂരിലെത്തിയ മധുര തിരുവനന്തപുരം എക്‌സ്പ്രസ് തൃശൂർ സ്റ്റേഷനിൽ സമരാനുകൂലികൾ തടഞ്ഞു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി 15 മിനിറ്റിന് ശേഷം യാത്ര തുടർന്നു. പുലർച്ചെ പുറപ്പെടുന്ന ഗുരുവായൂർ -തിരുവനന്തപുരം, ഗുരുവായൂർ - പുനലൂർ പാസഞ്ചർ, ഗുരുവായൂർ ഇന്റർ സിറ്റി, അമൃത എക്‌സ്പ്രസ് എന്നീ ട്രെയിനുകളും തടഞ്ഞു. സംസ്ഥാനത്തുടനീളം വ്യാപകമായി ട്രെയിൻ തടയുന്നതിനാൽ മിക്ക ട്രെയിനുകളും വൈകിയാണ് ഓടിയത്. തിരുവനന്തപുരം - വേണാട് എക്‌സ്പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ തിരക്ക് കുറവായിരുന്നു. തൃശൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് ഇന്നലെ പുലർച്ചെ രണ്ടു മണിയോടു കൂടി അയ്യപ്പൻമാരെയും കൊണ്ടുള്ള രണ്ട് സ്‌പെഷൽ സർവീസുകൾ എറണാകുളത്തേക്ക് സർവീസ് നടത്തിയതൊഴിച്ചാൽ ഡിപ്പോയിൽ നിന്ന് മറ്റ് സർവീസുകളുണ്ടായില്ല. യാത്രക്കാരില്ലാത്തതിനാലാണ് സർവീസ് നടത്താതിരുന്നതെന്നും രണ്ട് ഡ്രൈവർമാർ മാത്രമാണ് ജോലിക്ക് ഹാജരായതെന്നും കെ.എസ്.ആർ.ടിസി അധികൃതർ അറിയിച്ചു.