തൃശൂർ: വിവാഹ വാഗ്‌ദാനം നിരസിച്ചതിന് വീട്ടിൽ ഉറങ്ങുകയായിരുന്ന മകളെയും മാതാവിനെയും പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും, 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റോബി എന്ന സോജി ബുൾ അലി മണ്ഡലിനെയാണ് (26) ശിക്ഷിച്ചത്. കൊലപാതകത്തിനാണ് ജീവപര്യന്തം കഠിനതടവ്. വീടിന് തീയിട്ടതിനാണ് പത്ത് വർഷകഠിന തടവ്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കഠിനതടവും അനുഭവിക്കണം. അഡിഷണൽ ജില്ലാ ജഡ്ജി നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്.
വെങ്കിടങ്ങ് കോഴിപ്പറമ്പ് ദേശത്ത് പുതുവച്ചോലയിൽ വീട്ടിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തുവും (55), മകൾ സീനയുമാണ് (17) കൊല്ലപ്പെട്ടത്.
2015 ഏപ്രിൽ ഏഴിന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. അയൽപക്കത്ത് വീടുപണിക്കെത്തിയ പ്രതി സീനയെ വിവാഹം ചെയ്‌തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനെ തുടർന്നാണ് കുഞ്ഞിപ്പാത്തുവിനെയും സീനയെയും പെട്രോളൊഴിച്ച് കത്തിച്ചത്. സംഭവത്തിൽ വീട് പൂർണമായും കത്തി നശിച്ചു.
സീനയുടെ മരണമൊഴി സി.ഐയായിരുന്ന കെ.കെ. സജീവ് രേഖപ്പെടുത്തിയത് നിർണായകമായി. മൊഴിയുടെ അടിസ്ഥാനത്തിൽ സ്വദേശമായ ബംഗാളിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങിയ പ്രതിയെ പാവറട്ടി എസ്.ഐയായിരുന്ന എം.കെ. രമേഷ് രണ്ട് മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രചാരണ ബോർഡുകൾ സ്ഥാപിച്ച് മടങ്ങുകയായിരുന്ന സി.പി.എം നേതാവ് കെ.വി. മനോഹരൻ സംഭവസ്ഥലത്തു നിന്ന് ഓടി പോകുകയായിരുന്ന അലി മണ്ഡലിനെ കണ്ടെന്ന മൊഴിയും പ്രതിക്ക് ശിക്ഷ കിട്ടുന്നതിൽ നിർണായകമായി. ഗുരുവായൂർ സി.ഐയായിരുന്ന കോഴിക്കോട് അസി. പൊലീസ് കമ്മിഷണർ സുദർശനാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, അഡ്വ. റൺസിൻ, അഡ്വ. അമീർ എന്നിവർ ഹാജരായി.