കയ്പ്പമംഗലം: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. കയ്പ്പമംഗലം മേഖലയിൽ പണിമുടക്ക് പൂർണ്ണമാണെങ്കിലും ചില വ്യാപാര സ്ഥാപനങ്ങൾ തുറന്നു. സർക്കാർ സ്ഥാപനങ്ങളൊന്നും തുറന്നില്ല. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ഓട്ടോ ടാക്‌സികളും ഓടിയില്ല. ചെന്ത്രാപ്പിന്നി, കൊപ്രക്കളം, കാളമുറി എന്നിവിടങ്ങളിൽ വ്യാപാരസ്ഥാപനങ്ങളൊന്നും തുറന്നില്ല. ചെന്ത്രാപ്പിന്നിയിൽ തുറന്നു പ്രവൃത്തിച്ച ഒരു കട സമരക്കർ അടപ്പിച്ചു. മൂന്നുപീടിക, പെരിഞ്ഞനം, മതിലകം തുടങ്ങിയ സ്ഥലങ്ങളിൽ ഭാഗികമായി കടകൾ തുറന്നിട്ടുണ്ട്. എല്ലാടിയത്തും പെട്രോൾ പമ്പുകൾ തുറന്നു.
പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകൾ പ്രകടനം നടത്തി. കയ്പ്പമംഗലത്തു നിന്നും ചെന്ത്രാപ്പിന്നിയിൽ നിന്നും ആരംഭിച്ച പ്രകടനങ്ങൾ കൊപ്രക്കളത്ത് സമാപിച്ചു. തുടർന്ന നടന്ന പൊതുയോഗം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.കെ. ഫൽഗുണൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എം.ഡി. സുരേഷ്, കെ.എൻ. അജയകുമാർ, സുരേഷ് മംഗലത്ത്, ഉഷാകുമാരി, അജിത്ത് കൃഷ്ണൻ, കെ.എം. വിജയൻ എന്നിവർ സംസാരിച്ചു. മതിലകം സെന്ററിൽ നടന്ന പൊതുയോഗം സി.പി.എം ഏരിയാ സെക്രട്ടറി ഇ.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എ.എ. സിദ്ദാർത്ഥൻ അദ്ധ്യക്ഷനായി. പി.വി. മോഹനൻ, ടി.എസ്. ഗോപിനാഥൻ, എം.എ. വിജയൻ, ഇ.ജി. സുരേന്ദ്രൻ, ടി.കെ. രമേഷ് ബാബു എന്നിവർ സംസാരിച്ചു.