മാള: ജനിച്ച വീട്ടിലേക്ക് ഒരിക്കൽ കൂടി കയറാൻ ഇസ്രായേലിൽ നിന്ന് ഹൈം അറോൺ എത്തി. പക്ഷേ പണിമുടക്ക് കാരണം നിരാശയോടെ മടങ്ങേണ്ടി വന്നു. മാളയിൽ നിന്ന് ഇസ്രായേലിലേക്ക് പാലായനം ചെയ്ത ഹൈം അറോൺ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന വീട് ഇന്ന് മാള പോസ്റ്റ് ഓഫീസാണ്.
പോസ്റ്റ് ഓഫീസും സ്ഥലവും ഇവരുടെ കുടുംബസ്വത്തായിരുന്നു. പണിമുടക്കായിരുന്നതിനാൽ തുറക്കാതിരുന്ന പോസ്റ്റ് ഓഫീസിന് മുന്നിലെ വഴിയിൽ നിൽക്കാനേ ഹൈം അറോണിനും ഒപ്പമുണ്ടായിരുന്ന സംഘത്തിനും കഴിഞ്ഞുള്ളൂ. പിതാവ് അവറോണും കുടുംബവും ഇവിടെ നിന്ന് പോയിട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞു. കഴിഞ്ഞ വർഷം ഇവിടെ സംഘമായി എത്തിയപ്പോൾ പോസ്റ്റ് ഓഫീസിന്റെ അകത്ത് വരെ കയറി.
ആ അനുഭവം ഉള്ളതിനാൽ സുഹൃത്തുക്കളുമൊത്ത് വന്നപ്പോഴാണ് അടച്ചിട്ടത് കണ്ടത്. സലിം കുമാറിന്റെ കറുത്ത ജൂതൻ സിനിമയിൽ പ്രധാന കഥ ഈ വീടുമായി ചുറ്റിപ്പറ്റിയാണ്.
ഈ സിനിമയിലെ കഥാപാത്രങ്ങളും ഇന്നത്തെ പോസ്റ്റ് ഓഫീസായ വീട്ടിൽ താമസിച്ചിരുന്നവരാണ്. ജനിച്ച നാടും വീടും മറക്കാത്ത ഹൈം അറോൺ ഇപ്പോഴും മലയാളം പൂർണമായി ഒഴിവാക്കിയിട്ടില്ല. ചെറിയ പ്രായത്തിൽ പിതാവിന്റെ കൈ പിടിച്ച് കുടുംബത്തോടും ബന്ധുക്കൾക്കും ഒപ്പം പാലായനം ചെയ്ത ഇദ്ദേഹം വീണ്ടും നിരവധി തവണ ഇവിടെയെത്തിയിട്ടുണ്ട്.
ഇസ്രായേൽ സേനയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം സുഹൃത്തുക്കൾക്കൊപ്പമാണ് മാളയിൽ എത്തിയത്. 11 പേരടങ്ങുന്ന സംഘം യഹൂദരുടെ ആരാധനാലയമായ സിനഗോഗിലാണ് ആദ്യം എത്തിയത്. സേനയിൽ ജോലി ചെയ്യുന്നവരും അടക്കമുള്ള സംഘം പിന്നീട് പോസ്റ്റ് ഓഫിസിലേക്ക് വന്നു. തുടർന്ന് പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന യഹൂദശ്മശാനവും അതിലെ കല്ലറകളും സന്ദർശിച്ചാണ് മടങ്ങിയത്. ഇനി കേരളത്തിൽ ഹർത്താലോ പണിമുടക്കോ ഇല്ലാത്ത ദിവസത്തെ കുറിച്ച് മുൻകൂട്ടി അറിഞ്ഞ ശേഷം വരാനുള്ള തീരുമാനവുമായാണ് സംഘം മടങ്ങിയത്.