തൃശൂർ : ക്രിമിനൽ സ്വഭാവമുള്ള അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ശക്തമായ താക്കീതാണ് പാവറട്ടി ഇരട്ടക്കൊലയിലെ വിധിയിലൂടെ കോടതി നൽകിയിരിക്കുന്നത്. കൂട്ടമായെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ കുറ്റകൃത്യങ്ങളിൽപ്പെടുന്നത് പൊലീസിന് ഏറെ തലവേദനയാണ് സൃഷ്ടിക്കുന്നത്.

ഇത് നല്ല രീതിയിൽ ജോലി ചെയ്യുന്നവർക്ക് കൂടി പലപ്പോഴും ഭീഷണിയാകുന്നുണ്ട്. പാവറട്ടി പുതുവച്ചോലയിൽ കുത്തിപ്പാത്തുവിനെയും മകൾ സീനയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റോബി എന്ന സോജി ബുൾ അലി മണ്ഡലിനെ മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് പൊക്കിയത്. എട്ട് വർഷത്തിലേറെയായി കേരളത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ഇയാൾ നന്നായി മലയാളം പറയുമായിരുന്നു. ഇതാണ് കൊല്ലപ്പെട്ട കുഞ്ഞിപ്പാത്തുവിന്റെ കുടുംബവുമായി നല്ല സൗഹൃദം പുലർത്താൻ ഇടയാക്കിയത്.

എന്നാൽ ഈ അടുപ്പം അതിരു കടക്കുകയായിരുന്നു. നേരത്തെ പട്ടിക്കാടുള്ള ഒരു യുവതിയുമായി അടുപ്പത്തിലായിരുന്ന ഇയാൾ പിന്നീട് സീനയിൽ മോഹമുദിച്ചതോടെ ആ ബന്ധം അവസാനിപ്പിച്ചു. എന്നാൽ ഇയാളുമായി ബന്ധത്തിന് താത്പര്യമില്ലെന്ന് സീനയും ഉമ്മയും അറിയിച്ചതോടെയാണ് വൈരാഗ്യത്തിലേക്ക് നീങ്ങിയത്. വിവാഹാഭ്യർത്ഥന നടത്തിയതിനെ തുടർന്ന് കരാറുകാരൻ ഇയാളെ അവിടെ നിന്ന് ഒഴിവാക്കി. പിന്നീട് ഏഴുമാസം കഴിഞ്ഞ ശേഷമാണ് സംഭവം നടന്നത്. സംഭവ ദിവസം ഓടിളക്കി അകത്ത് കിടന്നിരുന്ന രണ്ടു പേരുടെയും മുറിയിലേക്ക് പെട്രോൾ ഒഴിച്ച ശേഷം താഴേക്ക് ഇറങ്ങി തീയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു. എന്നാൽ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ ഇയാൾ കുടുങ്ങി. ഇയാൾ രക്ഷപ്പെടുകയായിരുന്നുവെങ്കിൽ ഇതിന്റെ പേരിൽ നിരവധി അന്യ സംസ്ഥാന തൊഴിലാളികൾ ദുരിതമനുഭവിക്കേണ്ടി വരുമായിരുന്നു.....