ചാലക്കുടി : ഗുരുദേവന്റെ പ്രഥമ ശിഷ്യനായ ശിവലിംഗസ്വാമികൾ ഗുരുദേവന്റെ പ്രതിപുരുഷൻ തന്നെയായിരുന്നുവെന്ന് ഗുരുചൈതന്യമഠം മഠാധിപതി സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. ശിവലിംഗ സ്വാമികളുടെ സമാധി ശതാബ്ദിയാചരണത്തിന്റെ ഭാഗമായി ചാലക്കുടി ഗായത്രി ആശ്രമത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ശിവലിംഗ സ്വാമികളെ സാധാരണ സന്യാസിമാരുടെ ഗണത്തിലല്ല നാം കാണേണ്ടത്. ഗുരുദേവനെ പോലെ ഈശ്വരാനുഭൂതി നേടി ബ്രഹ്മനിഷ്ഠ കൈവരിച്ച മഹാത്മാവായിരുന്നു സ്വാമി. സ്വാമി ശങ്കരാനന്ദ, കുമാരനാശാൻ, സ്വാമി ശിവപ്രസാദ് എന്നിവർക്ക് ഗുരുസ്ഥാനീയനായിരുന്നു അദ്ദേഹം. കൊച്ചിയിൽ, പെരിങ്ങോട്ടുകരയിൽ ഗുരുദേവന്റെ 50ാമത് തിരുജയന്തിക്ക് ശ്രീനാരായണാശ്രമം സ്ഥാപിച്ചത് സ്വാമികളായിരുന്നു. സംസ്‌കൃതം, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഗുരുദേവനിൽ നിന്ന് ഉപരിപഠനം നടത്തിയ സ്വാമികൾ 40 ഓളം കൃതികൾ രചിച്ചിട്ടുണ്ട്.
സ്വാമിയുടെ ശിഷ്യനായ സദ്ഗുരു മലയാള സ്വാമികൾ ആന്ധ്രയിൽ സ്ഥാപിച്ച ആശ്രമം ശിവഗിരിമഠം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നു. ഗായത്രി ആശ്രമത്തിൽ നടന്ന യോഗത്തിൽ ജ്യോതിസ് അന്നനാട് അദ്ധ്യക്ഷത വഹിച്ചു. പി.ജി. സുന്ദർലാൽ കൊരട്ടി ശിവലിംഗസ്വാമികളുടെ കൃതികൾ പാരായണം ചെയ്തു. ഹരിദാസ് തുപ്രത്ത്, ഉണ്ണികൃഷ്ണൻ പോട്ട, കെ.സി. ഇന്ദ്രസേനൻ, ബ്രഹ്മചാരി സദാനന്ദൻ എന്നിവർ സംസാരിച്ചു.....