senthil

ചാലക്കുടി: രാത്രിയിൽ ആംബുലൻസ് മോഷ്ടിച്ച വിരുതൻ മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. ചാലക്കുടി മേൽപ്പാലത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന ഒമ്‌നി വാനാണ് മോഷ്ടിച്ചത്. തമിഴ്‌നാട് തൃക്കോയിലൂർ മണലൂർ സ്വദേശി കിഴക്കുൻട്രം ശെന്തിലിനെ (27) ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വാൻ കടത്തിയത് ലഹരി വിൽപനയ്ക്കാണെന്ന് അയാൾ സമ്മതിച്ചു.

തിങ്കളാഴ്ച രാത്രി എട്ടരയ്ക്കാണ് ചാലക്കുടി സ്വദേശി മാനാടൻ ജോയിയുടെ ഉടമസ്ഥതയിലുള്ള 'ലൈഫ് ഫോഴ്‌സ് ' എന്ന ആംബുലൻസ് മോഷ്ടിച്ചത്. പാർക്ക്ചെയ്തശേഷം മൊബൈൽ ഫോൺ റീച്ചാർജ് ചെയ്യാൻ പോയതായിരുന്നു ഡ്രൈവർ.

താക്കോൽ ആംബുലൻസിലുണ്ടായിരുന്നു. സൈറൺ മുഴക്കി ആംബുലൻസ് പോകുന്നത് ഡ്രൈവർ കണ്ടെങ്കിലും അടുത്ത ഡ്യൂട്ടിക്ക് വന്ന ഡ്രൈവറായിരിക്കുമെന്ന് കരുതി. ആ ഡ്രൈവർ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് സംഗതി മനസ്സിലായത്. പൊലീസിന് വിവരം നൽകി. വരാപ്പുഴയിൽ വച്ചാണ് സെന്തിൽ പിടിയിലായത്. തമിഴ്‌നാട്ടിലെ കൊലപാതക കേസിൽ ഇയാൾ മൂന്നാം പ്രതിയാണ്.

സി.ഐ. ജെ. മാത്യു, എസ്.ഐ വി.എസ്. വത്സകുമാർ, ക്രൈം സ്‌ക്വാഡ് എ.എസ്.ഐ ജിനുമോൻ, തച്ചേത്ത് സീനിയർ സി.പി.ഒമാരായ സതീശൻ മടപ്പാട്ടിൽ, സി.എ ജോബ്, റോയ് പൗലോസ്, പി.എം മൂസ, സി.പി.ഒമാരായ എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, സീനിയർ സി.പി.ഒ മുഹമ്മദ് റാഷി, രാജേഷ് ചന്ദ്രൻ, ഷൈജു, ദീപു എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.