തൃശൂർ: പടർന്നുപിടിച്ച തീയണയ്ക്കാൻ ജില്ലയിലെ ഒമ്പത് അഗ്‌നിരക്ഷാ നിലയങ്ങളിലേക്ക് പുതുവർഷത്തിൽ ഇന്നലെ വരെയെത്തിയത് 92 കോളുകൾ. ശരാശരി പത്ത് തീപിടിത്തം. വേനലെത്തും മുമ്പേ മുൻവർഷങ്ങളെ അപേക്ഷിച്ച് തീപിടിത്തങ്ങളുടെ എണ്ണം ഇതുവരെ കൂടുതലാണ്. ശക്തൻ സ്റ്റാൻഡിനടുത്തുള്ള പട്ടാളം മാർക്കറ്റിൽ ഉണ്ടായ തീപിടിത്തമാണ് ഏറ്റവും വലുത്. ജില്ലയിലെ മുഴുവൻ അഗ്‌നിശമന സേനാംഗങ്ങളും മൂന്ന് മണിക്കൂർ നേരം പണിപെട്ടാണ് ഇവിടെ തീയണച്ചത്. കൊടുങ്ങല്ലൂർ അഴിക്കോട് ജെട്ടിയിൽ മാലിന്യക്കൂമ്പാരത്തിനിട്ട തീ പടർന്നാണ് തൊട്ടടുത്ത പ്‌ളാസ്റ്റിക് പൈപ്പുകൾ കത്തി ഭീതി പരത്തിയത്. കൂടുതൽ തീപിടിത്തം ഉണ്ടായത് തൃശൂർ ഫയർ സ്റ്റേഷൻ പരിധിയിലാണ്. കുറവ് മാളയിലും ചാലക്കുടിയിലും.
അശ്രദ്ധയുടെ ചെറിയ തീപ്പൊരി മതി എല്ലാം പടർന്നുകത്താൻ. ചെറിയ തീപിടിത്തമെന്ന വിവരണം ഒടുവിൽ ലക്ഷങ്ങളുടെ നഷ്ടം വരുത്തിവയ്ക്കും. മഞ്ഞ് പെയ്യുന്ന രാത്രിയെന്നോ വെയിൽച്ചൂടുള്ള പകലെന്നോ ഇതിന് വ്യത്യാസമില്ല. മഞ്ഞുകാലം കഴിയുന്നതോടെ പുൽനാമ്പുകളും കുറ്റിച്ചെടികളും പൂർണമായി ഉണങ്ങിയാൽ തീപിടിത്തം ഇനിയും കൂടും. ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്നതാണ് ഭൂരിഭാഗം ഫയർ സ്റ്റേഷനുകളും നേരിടുന്ന പ്രധാന പ്രശ്‌നം . തൃശൂരിലെ ഈ പ്രശ്‌നം പട്ടാളം മാർക്കറ്റ് തീപിടിത്തത്തോടെ ഇല്ലാതായി. മറ്റിടങ്ങളിൽ ചിലയിടത്ത് വാട്ടർ അതോറിറ്റിയിൽ നിന്ന് വെള്ളം പണം കൊടുത്ത് വാങ്ങുകയാണ്. ഗുരുവായൂരിൽ യൂണിറ്റിന് സ്വന്തം കെട്ടിടം പോലുമില്ല. ഇപ്പോൾ കഴിയുന്ന ദേവസ്വം ബോർഡിന്റെ കെട്ടിടത്തിൽ നിന്ന് ഇറങ്ങിപ്പോകാനാണ് അന്ത്യശാസനം. ഇതിന് മുന്നോടിയായി ദേവസ്വം നൽകിയിരുന്ന കുടിവെള്ളത്തിന്റെ കണക്‌ഷൻ വിച്ഛേദിച്ചിരുന്നു.
അശ്രദ്ധമായി തീയിടരുത്
മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോൾ പരിസരത്തെ പാഴ്പ്പുല്ലിലേക്ക് പടർന്നുപിടിച്ചതാണ് ഭൂരിഭാഗം തീപിടിത്തങ്ങളുടെയും കാരണം. കഴിഞ്ഞമഴയിൽ പലയിടത്തും പാഴ്പ്പുല്ലുകൾ വളർന്നിട്ടുണ്ട്. വെയിൽ കനത്തതോടെ ഇവ കരിഞ്ഞുതുടങ്ങി. തീയിടുന്നതിനൊപ്പം കാറ്റും വീശിയടിക്കുന്നതോടെ നിയന്ത്രണാതീതമായി തീ ആളിപ്പടരുകയാണ്. അവധി ദിവസങ്ങളിലാണ് കൂടുതൽ വിളികളെത്തിയത്. സ്ഥലം വൃത്തിയാക്കാനായി വീടുകൾക്ക് സമീപവും മറ്റും മാലിന്യം കൂട്ടിയിട്ട് അശ്രദ്ധമായി തീയിടുന്നതാണ് പ്രധാന പ്രശ്‌നം.
ശ്രദ്ധിക്കാൻ
വീട്ടുപരിസരത്തും സ്ഥാപനപരിസരങ്ങളിലും പുല്ല് പടർന്നത് വെട്ടിനീക്കണം
ഫയർലൈൻ നിർമ്മിക്കേണ്ട ഇടങ്ങളിൽ അത് ചെയ്യണം.
അശ്രദ്ധമായി തീ കൈകാര്യം ചെയ്യരുത്
ഉണങ്ങിയ പുല്ലുകൾക്ക് സമീപം വാഹനങ്ങൾ നിറുത്തിയിട്ട് ദൂരേക്ക് പോകരുത്.
നിസാര തീപിടിത്തത്തിന് പോലും ഫയർ ഫോഴ്‌സിനെ വിളിക്കുന്ന പ്രവണത വർദ്ധിക്കുന്നുണ്ട്. ഇതുമൂലം ജീവൻ പോലും അപകടത്തിലായവരുടെ രക്ഷാപ്രവർത്തനങ്ങൾക്ക് യഥാസമയം എത്താൻ കഴിയാത്ത സംഭവമുണ്ട്. പട്ടാളം മാർക്കറ്റിൽ സംഭവിച്ചത് അതാണ്.
ലാസർ, സ്റ്റേഷൻ ഓഫീസർ, തൃശൂർ
വിളികൾ ഇങ്ങനെ
തൃശൂർ 40
ചാലക്കുടി 3
ഗുരുവായൂർ 7
ഇരിങ്ങാലക്കുട 8
കുന്നംകുളം 4
വടക്കാഞ്ചേരി 10
മാള 3
പുതുക്കാട് 12
കൊടുങ്ങല്ലൂർ 5