തൃശൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന കാര്യത്തിൽ സി.പി.എമ്മിൽ ആശയക്കുഴപ്പം. സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസിനൊപ്പം നിന്ന് ഇപ്പോൾ എൽ.ഡി.എഫിലേക്ക് കാലുമാറിയ റാഫി ജോസ് എന്ന കുട്ടി റാഫിയെ നിറുത്താനാണ് പാർട്ടിയിലെ ഏകദേശ ധാരണ. മേയർ സ്ഥാനം സി.പി.ഐക്കായതിനാൽ ഭരണത്തിൽ പിടിമുറുക്കാൻ സി.പി.എമ്മിന്റെ പ്രതിനിധി വേണമെന്ന ആവശ്യമുയർത്തി വർഗീസ് കണ്ടംകുളത്തിയും ശ്രമം നടത്തുന്നുണ്ട്. മുൻ മേയർ സ്ഥാനം ഒഴിഞ്ഞപ്പോൾ എലി ശല്യമെന്നു പറഞ്ഞ് സി.പി.ഐയിലെ ഡെപ്യൂട്ടി മേയറെ ഇരുത്താതിരിക്കാൻ മേയറുടെ ചേംബർ പൊളിച്ചിട്ട് ആറു ലക്ഷം രൂപ കളഞ്ഞുവെന്ന പരാതി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സാഹചര്യം വർഗീസ് കണ്ടംകുളത്തിയുടെ അനുകൂല സാഹചര്യം ഇല്ലാതാക്കിയിട്ടുണ്ട്. ഇതു കണ്ടില്ലെന്ന് നടിച്ച് കണ്ടംകുളത്തിയെ നിറുത്തിയാലും ചില അപകടങ്ങൾ സി.പി.എം ജില്ലാ നേതൃത്വം മുന്നിൽ കാണുന്നുണ്ട്.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കുട്ടി റാഫി മത്സരിക്കുകയാണെങ്കിൽ സി.പി.എമ്മിനെ പരാജയപ്പെടുത്താൻ കോൺഗ്രസും ബി.ജെ.പിയും ഒരുമിക്കും. റാഫി ജയിക്കുകയും കണ്ടംകുളത്തി തോൽക്കുകയും ചെയ്താൽ പാർട്ടിക്ക് വലിയ നാണക്കേടുണ്ടാകുമെന്നാണ് അപകടം. കുട്ടി റാഫി വീണ്ടും കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്ന വിവരം കൂടി പുറത്തുവന്നതോടെയാണ് സി.പി.എം ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. യുവാക്കൾക്ക് അവസരം കൊടുക്കണമെന്ന ചർച്ച വന്നതോടെ അനൂപ് ഡേവിസ് കാടയുടെ പേരും പറഞ്ഞ് കേട്ടിരുന്നു.
അടുത്ത രണ്ടു വർഷമാണ് ഡെപ്യൂട്ടി മേയറുടെ കാലാവധി. കുട്ടിറാഫിക്ക് ഒരു വർഷത്തേക്ക് സ്ഥാനം നൽകി അവസാന വർഷം സി.പി.എം സ്ഥാനം ഏറ്റെടുക്കാനും ധാരണയുണ്ട്. ഇന്ന് രാവിലെ 11നാണ് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്. രാവിലെ ഒമ്പതിന് എൽ.ഡി.എഫ് കോർപറേഷൻ പാർലമെന്ററി പാർട്ടി യോഗത്തിൽ സ്ഥാനാർത്ഥിയാരാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് ഐ വിഭാഗത്തിലെ എ. പ്രസാദ് മത്സരിക്കാനാണ് തീരുമാനം. ഫ്രാൻസിസ് ചാലിശേരിക്ക് അവസരം നൽകണമെന്ന് ഐ ഗ്രൂപ്പിൽ തർക്കമുണ്ടായെങ്കിലും പ്രസാദ് തന്നെ മത്സരിക്കും. പ്രസാദിന് വോട്ട് ചെയ്യണമെന്ന് നിർദ്ദേശിച്ച് ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ കൗൺസിലർമാർക്ക് വിപ്പ് നൽകി. കുട്ടിറാഫിയടക്കം എൽ.ഡി.എഫിന് 27ഉം കോൺഗ്രസിന് 22ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്.