kuzhur-krishi
കുഴൂരിലെ സമൃദ്ധമായ നെൽവയൽ

മാള: പ്രളയം ദുരന്തഭൂമിയാക്കി മാറ്റിയ കുഴൂരിലെ കാർഷിക മേഖലയിൽ വീണ്ടെടുപ്പിന്റെ കാഹളം. കുഴൂരിലെ പാടശേഖരങ്ങൾ വീണ്ടും പച്ച പുതച്ച നിലയിലേക്ക് മാറിയപ്പോൾ കർഷക മനസിലും പ്രതീക്ഷയുടെ പുതു നാമ്പിടുകയാണ്. പ്രളയജലം 15 അടിയിലധികം ഉയർന്ന പാടശേഖരത്തിൽ നിന്ന് എല്ലാം ഒന്ന് മുതൽ തുടങ്ങിയിരിക്കുകയാണ്.

പാടശേഖരത്തിലെ വെള്ളം വറ്റിച്ച് ഒരു മാസം മുമ്പാണ് ഇവിടെ കൃഷിയിറക്കിയത്.

മുണ്ടകനും പുഞ്ചയും ചേർന്ന കൃഷി രീതിയാണ് ഇവിടെയുള്ളത്. പ്രളയം സമ്മാനിച്ച നല്ല മണ്ണിൽ കർഷകർ വീണ്ടും വിത്തിറക്കിയത് വലിയ പ്രതീക്ഷകളോടെയാണ്. തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തിയാണ് പ്രളയശേഷം പാടശേഖരത്തെ പൂർവസ്ഥിതിയിലാക്കിയത്. കുഴൂർ പഞ്ചായത്തിലെ 3, 4, 6 വാർഡുകളിലായി ആകെയുള്ള 500 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. തുമ്പരശേരി, അടൂപ്പാടം എന്നീ പാടശേഖരങ്ങളിലായി 250 ഏക്കർ വീതമാണ് കൃഷിയുള്ളത്. പ്രധാനമായും ഉമ, പൊന്മണി ഇനത്തിലുള്ള വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്.

ചാലക്കുടിപ്പുഴയുമായി ബന്ധപ്പെട്ട വെള്ളം ലഭിക്കുന്ന കരിക്കാട്ടുചാലിനെ ആശ്രയിച്ചാണ് ഈ മേഖലകളിൽ കൃഷി ചെയ്യുന്നത്. ചാലിലേക്ക് പുഴയിൽ നിന്ന് പമ്പ് ചെയ്‌തെത്തുന്ന വെള്ളം ഉപയോഗിച്ചാണ് നിരവധി ചെറുകിട ജലസേചന പദ്ധതികൾ പ്രവർത്തിക്കുന്നത്. കരിക്കാട്ടുചാൽ കുണ്ടൂരിൽ വീണ്ടും പുഴയുമായി ചേരുന്നതിനിടയിൽ കൃഷി ആവശ്യത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കൃഷി വകുപ്പിന്റെ സഹായത്തോടെ ലഭിച്ച നെൽവിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിയിട്ടുള്ളതെന്നും പാടശേഖരത്തെ കോൾപ്പാടമായി സർക്കാർ അംഗീകരിക്കണമെന്നും കർഷകരായ കൊടിയൻ ഇട്ടീരയും വട്ടോലിപ്പറമ്പിൽ ഗോപാലകൃഷ്ണനും പറഞ്ഞു.

ഈ പാടശേഖരങ്ങളിൽ ഇരുന്നൂറോളം കർഷകരാണ് പതിവുപോലെ കൃഷിയിറക്കിയത്. നെൽക്കൃഷിയോടുള്ള താൽപര്യത്തിൽ നിരവധി കർഷകരാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യുന്നത്. ഒരു പൂ മാത്രം കൃഷിയിറക്കുന്ന ഈ പാടശേഖരത്തിൽ മികച്ച വിളവാണ് എക്കാലവും ലഭിച്ചിട്ടുള്ളത്. എന്നാൽ ഇവിടത്തെ നെല്ല് പൂർണമായും സപ്ലൈകോ എടുക്കാത്ത അവസ്ഥയാണുള്ളത്. സാധാരണ പാടശേഖരങ്ങളിൽ ഏക്കർ ഒന്നിന് 22 ക്വിന്റൽ നെല്ലാണ് സപ്ലൈകോ എടുക്കുന്നത്. എന്നാൽ കോൾപ്പാടമാണെങ്കിൽ 33 ക്വിന്റൽ എടുക്കും. ഈ പാടശേഖരത്തിൽ ശരാശരി 33 ക്വിന്റൽ വരെ വിളവ് ലഭിക്കുന്നുണ്ടെന്ന് 23 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിട്ടുള്ള പോൾസൺ കൊടിയൻ പറഞ്ഞു.

ഇതുകൂടി കണക്കിലെടുത്താണ് തുമ്പരശേരി, അടൂപ്പാടം പാടശേഖരങ്ങളെ കോൾപ്പാടത്തിന്റെ പട്ടികയിൽ ഉൾപ്പടുത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നത്. കരിക്കാട്ടുചാലിലെ വെള്ളം കാർഷിക ആവശ്യത്തിനായി എത്തിക്കുന്നതിന് വട്ടക്കുളം, തലയാക്കുളം, തട്ടാൻതോട് എന്നീ ചെറുകിട ജലസേചന പദ്ധതികളാണുള്ളത്. കൂടാതെ നെൽക്കൃഷി ആവശ്യത്തിനായി പഞ്ചായത്ത് തലത്തിലുള്ള നെയ്യുണ്ണിപ്പറമ്പ്, പാലത്തൻകുഴി, തെക്കുംചേരി, തുമ്പരശേരി, കാക്കുളിശേരി എന്നീ പദ്ധതികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കരിക്കാട്ടുചാലും അനുബന്ധ ജലസേചന സൗകര്യങ്ങളുമാണ് കുഴൂർ പഞ്ചായത്തിലെ നെൽക്കൃഷിക്ക് സഹായകരമായിട്ടുള്ളത്. കരിക്കാട്ടുചാൽ ജല സമൃദ്ധമാക്കുന്നതിന് കെ.എൽ.ഡി.സി പദ്ധതിയുടെ രണ്ടാം ഘട്ടമായി ആഴം കൂട്ടി ബണ്ട് ബലപ്പെടുത്തുന്ന നിർമ്മാണങ്ങളും നടക്കുന്നുണ്ട്.