തൃശൂർ : കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയം 21 ന് ആഘോഷിക്കും. ഇതോട് അനുബന്ധിച്ചുള്ള കൊടിയേറ്റം 16 ന് രാവിലെ 9.30നും 10.15നും മദ്ധ്യേ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി നിർവഹിക്കും. അന്നേ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജയും കലശാഭിഷേകവും ശ്രീഭൂതബലിയും നടക്കും. രാത്രി എട്ടിന് കലോത്സവ പരിപാടികളുടെ ഉദ്ഘാടനം എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് തോപ്പിൽ പീതാംബരൻ നിർവഹിക്കും.
തുടർന്ന് സർഗ്ഗം വോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടാകും. 17 ന് രാത്രി എട്ടിന് തിരുവനന്തപുരം ജ്വാല അവതരിപ്പിക്കുന്ന ബാലെ,18ന് രാത്രി എട്ടിന് പാലാ നന്ദകുമാർ അവതരിപ്പിക്കുന്ന കഥാപ്രസംഗം,19 ന് ഓൾഡ് ഈസ് ഗോൾഡ് ഗാനമേള, 20ന് കിഴക്കൂട്ട് അനിയൻ മാരാരും കലാമണ്ഡലം ശിവദാസും നയിക്കുന്ന ശതപഞ്ചാരി ആൽത്തറ മേളവും അരങ്ങേറും. തൈപ്പൂയ ദിവസം രാവിലെ 4 ന് പള്ളിയുണർത്തൽ ചടങ്ങോടെ ഉത്സവച്ചടങ്ങുകൾ ആരംഭിക്കും. അഞ്ച് മുതൽ ആറു വരെ യോഗം കാവടിയാട്ടം, കൂർക്കഞ്ചേരി മുരുക സംഘത്തിന്റെ കർപ്പൂര ആരാധനയും തേരെഴുന്നള്ളിപ്പും ഉണ്ടാകും. രാവിലെ 7 മുതൽ കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂർ ഉത്സവ കമ്മിറ്റികളുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രിയും എഴുന്നള്ളിപ്പ് ഉണ്ടാകും. രാവിലെ 10.30 മുതൽ വിവിധ ദേശങ്ങളിൽ നിന്നുള്ള കാവടിയാട്ടവും അഭിഷേകവും രാത്രി 11 മുതൽ ഭസ്മക്കാവടിയും ഉണ്ടാകും.
രാത്രി എട്ടിന് വെളിയന്നൂർ ഉത്സവ കമ്മിറ്റിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഉടുക്കിൽ പാണ്ടിമേളം അരങ്ങേറും. 22 ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം പള്ളിവേട്ടയ്ക്ക് പുറപ്പെടും. 23 ന് രാവിലെ 7.30ന് ക്ഷേത്രം തീർത്ഥക്കുളത്തിൽ ആറാട്ടും പത്തിന് കൊടിയിറക്കലും 11 ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കും.....