കയ്പ്പമംഗലം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നുണ്ടായ അപ്രഖ്യാപിത ഹർത്താലിൽ മൂന്നുപീടികയിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ കേസിൽ 11 ബി.ജെ.പി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കാരണത്ത് ഷൺമുഖൻ (50), പൊന്മാനിക്കുടം മലയാറ്റിൽ ജിഷാന്ദ് (33), ആറാട്ട്കടവ് കിഴക്കേടത്ത് മുരളി (47), കൂളിമുട്ടം ഊമൻതറ പോപ്പട്ടറാവു ശിവരാജ് പാട്ടീൽ (46), കയ്പ്പമംഗലം ബീച്ച് വലിയപറമ്പിൽ മഹേഷ് (40), കയ്പ്പമംഗലം ചക്കൻചാത്ത് സന്ദീപ് (19), കയ്പ്പമംഗലം പുന്നക്കച്ചാൽ കൊപ്രവീട്ടിൽ സത്യാനന്ദൻ (45), കയ്പ്പമംഗലം ഡോക്ടർപടി അരയങ്ങാട്ടിൽ സതീശൻ (57), കയ്പ്പമംഗലം അകംപാടം തറയിൽ സുജീഷ് (25), ഗ്രാമലക്ഷ്മി ചെമ്മാപ്പിള്ളി സുബീൻ (32), മാടാനിക്കുളം അന്തിക്കാട്ട് വീട്ടിൽ സുന്ദരൻ (45) എന്നിവരെയാണ് കയ്പ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് ശേഷം തീരദേശത്ത് ബി.ജെ.പിയുടെ നേതൃത്വത്തിൽ അപ്രഖ്യാപിത ഹർത്താൽ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വൈകീട്ട് ഏഴോടെ ദേശീയപാതയിലൂടെ നടത്തിയ പ്രകടനത്തിനിടെയാണ് കെ.എസ്.ആർ.ടി.സി. ബസിന് നേരെ കല്ലേറുണ്ടായത്. പറവൂർ ഡിപ്പോയിലെ ബസിനാണ് കല്ലേറ് കൊണ്ടത്.
കല്ലേറിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നിരുന്നു. ഓട്ടം നിറുത്തിയ ശേഷം ജീവനക്കാർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. കയ്പ്പമംഗലം അഡീഷണൽ എസ്.ഐ. വി.വി. തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ എല്ലാ പ്രതികളെയും റിമാൻഡ് ചെയ്തു.....