തൃശൂർ: തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയറായി റാഫി ജോസ് .പി (കുട്ടിറാഫി) തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സ്വതന്ത്ര അംഗമായ കുട്ടിറാഫിക്ക് 26 വോട്ടുകളും എതിർസ്ഥാനാർത്ഥി കോൺഗ്രസിലെ എ. പ്രസാദിന് 22 വോട്ടുകളും ലഭിച്ചു. ആറ് ബി.ജെ.പി അംഗങ്ങൾ പങ്കെടുത്തില്ല. സി.പി.എമ്മിലെ ഇ.ഡി. ജോണിയുടെ വോട്ട് അസാധുവായി.
മേയർ അജിത വിജയനിൽ നിന്നും സത്യപ്രതിജ്ഞ ഏറ്റുചൊല്ലി കുട്ടിറാഫി സ്ഥാനമേറ്റു. റാഫി ജോസിന്റെ പേര് മേയർ അജിത വിജയൻ നിർദ്ദേശിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ ബാബു പിന്താങ്ങി. പ്രസാദിന്റെ പേര് ജോൺ ഡാനിയേൽ നിർദ്ദേശിച്ചു. ഫ്രാൻസിസ് ചാലിശേരി പിന്താങ്ങി. കളക്ടർ ടി.വി. അനുപമ തിരഞ്ഞെടുപ്പിൽ വരണാധികാരിയായിരുന്നു.
ബാലറ്റ് പേപ്പറിന്റെ പുറത്ത് പേരെഴുതി ഒപ്പിടാൻ വിട്ടുപോയതിനാലാണ് ജോണിയുടെ വോട്ട് അസാധുവായത്.
എൽ.ഡി.എഫിലെ ധാരണയനുസരിച്ച് സി.പി.ഐയിലെ ബീന മുരളി രാജിവച്ച ഒഴിവിലായിരുന്ന തിരഞ്ഞെടുപ്പ്. ഇന്നലെ രാവിലെ ചേർന്ന എൽ.ഡി.എഫ് കൗൺസിലർമാരുടെ യോഗത്തിലാണ് ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. കോർപറേഷൻ ചിയ്യാരം സൗത്ത് ഡിവിഷനെ പ്രതിനിധീകരിക്കുന്ന റാഫി ജോസ് .പി, കോൺഗ്രസ് വിമതനായാണ് തിരഞ്ഞെടുപ്പിൽ ജയിച്ച് കൗൺസിലറായത്. തുടർന്ന് യു.ഡി.എഫിന്റെ ഭാഗമായി. സമീപ കാലത്താണ് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ മേയർ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ അജിത വിജയൻ, എം.എൽ.എ കെ. രാജൻ, മുൻ ഡെപ്യൂട്ടി മേയർ ബീന മുരളി, സി.പി.ഐക്കുവേണ്ടി ജില്ലാകമ്മിറ്റി അംഗം സാറാമ്മ റോബ്‌സൺ, പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഫ്രാൻസിസ് ചാലിശേരി, ലാലി ജയിംസ് എന്നിവർ കുട്ടിറാഫിയെ അഭിനന്ദിച്ചു. തുടർന്ന് അനുമോദന യോഗവും നടന്നു.