ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും
തൃശൂർ: സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ ഏഷ്യയിലെ ആദ്യ ആയുർവേദ കായിക ആശുപത്രി തൃശൂരിൽ പ്രവർത്തന സജ്ജമായി. മൂന്നു നിലകളിലായി 31,000 ചതുരശ്ര അടിയിൽ 8.16 കോടി രൂപ ചെലവിട്ട് അന്തർദേശീയ നിലവാരം ഉറപ്പുവരുത്തി നിർമ്മിച്ച ചികിത്സാകേന്ദ്രമായ കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സ്‌പോർട്‌സ് ആയുർവേദ ആൻഡ് റിസർച്ച് ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അമ്പത് കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് മെയിൽ വാർഡുകളും (30) ഒരു ഫീമെയിൽ വാർഡും (15 കിടക്ക), ശീതീകരിച്ച അഞ്ച് സ്യൂട്ട് റൂമുകളും (വിസിറ്റേഴ്‌സ് റൂം, ചികിത്സാമുറി, ബെഡ് റൂം) തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. വീഡിയോ കോൺഫറൻസ് സംവിധാനം, ഔട്ട്‌പേഷ്യന്റ് ചികിത്സയ്ക്കായി അഞ്ച് ഒ.പി. സംവിധാനങ്ങളും ഇവിടെയുണ്ടാകും. കായികതാരങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ഏകാഗ്രത കൂട്ടാനുമുളള യോഗ, മെഡിറ്റേഷൻ, ഫിസിയോതെറാപ്പി, കായികക്ഷമതയ്ക്കായുള്ള ആധുനിക ജിംനേഷ്യം, സിന്തറ്റിക് ട്രാക്ക്, പൂൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ മുതൽ ദേശീയതലം വരെയുളള ഏത് കായികവിഭാഗത്തിലുളള താരങ്ങൾക്കും ഇവിടെ ചികിത്സ ലഭ്യമാകും. അന്തർദേശീയ താരങ്ങളെ അടക്കം ചികിത്സിക്കാനുളള അത്യാധുനിക സൗകര്യങ്ങളും ആശുപത്രിയിലുണ്ടാകും.
പ്രധാന സൗകര്യങ്ങൾ:
കണ്ടിഷനിംഗ് ട്രീറ്റ് മെന്റ്: കായികതാരത്തിന്റെ കണ്ടിഷനിംഗ് ടൈം നിർണ്ണയിക്കുന്നത് ആ വർഷത്തെ അവരുടെ മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ്. അതായത് സബ് ജില്ല, ജില്ല, സംസ്ഥാന, ദേശീയ അന്തർദേശീയ മത്സരങ്ങളുടെ അടിസ്ഥാനത്തിൽ. ആന്തരികമായി കൊടുക്കുന്ന മരുന്നുകൾ താരങ്ങളുടെ കരുത്തും സഹനശീലവും കൂട്ടും. ബാഹ്യചികിത്സകളായ കിഴി, തിരുമ്മൽ എന്നിവയിലൂടെ പേശീബലവും മെയ് വഴക്കവും ലഭ്യമാകുന്നു. പരിക്കുകൾ ഉണ്ടാകാതിരിക്കാനും സഹായിക്കും.
ഇൻജ്വറി മാനേജ്‌മെന്റ്: നടുവേദന, പേശീവലിവ്, കാൽവണ്ണയുടെ പേശീവലിവ്, കണങ്കാൽ വേദന, തോളെല്ലിന്റെ പരിക്കുകൾ എന്നിവയ്ക്ക് പ്രത്യേക ചികിത്സ
പോസ്റ്റ് കോമ്പറ്റീഷൻ മാനേജ്‌മെന്റ്: മത്സരങ്ങൾക്കൊടുവിൽ കൂൾ ഡൗൺ അനിവാര്യമാണ്. അതിനായി മസാജുകൾ. ഗുരുതരപരിക്കുള്ളവർക്ക് കിടത്തിചികിത്സ.
ന്യൂട്രീഷണിസ്റ്റ്, സൈക്കോളജിസ്റ്റ്, ക്‌ളിനിക്കൽ ലബോറട്ടറി, റേഡിയോളജി, ഓപ്പറേഷൻ തിയേറ്ററുകൾ.
' ആയുർവേദത്തിലൂടെ കായികരംഗത്ത് വലിയ കുതിപ്പാണ് ആശുപത്രി സജ്ജമാകുന്നതോടെ പ്രതീക്ഷിക്കുന്നത്. സ്‌പോർട്‌സ് ആയുർവേദ എട്ട് ജില്ലകളിലാണ് വിജയകരമായി മുന്നേറുന്നത്. പ്രത്യേകപരിശീലനം നേടിയ എൺപതോളം മെഡിക്കൽ ഓഫീസർമാർ പ്രവർത്തിക്കുന്നുണ്ട്. തൈലങ്ങൾ, സ്‌പ്രേ, ലേപം തുടങ്ങിയ ഔഷധക്കൂട്ടുകളും ഉപയോഗപ്പെടുത്തിയിരുന്നു. '
ഡോ. എസ്. ഷിബു (ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ)