yogitto
കമ്പി കഷ്ണം ലഭിച്ച മധൂർ യോഗിട്ടോ ലോലിപോപ്പ്‌

തൃശൂർ: മധുർ യോഗിട്ടോ കമ്പനിയുടെ ലോലിപോപ്പിൽ നിന്ന് കമ്പി കഷ്ണം ലഭിച്ചുവെന്ന പരാതിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി ആരംഭിച്ചു. തൃശൂർ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കടകളിൽ നിന്ന് ശേഖരിച്ച മധൂർ യോഗീട്ടോയുടെ ലോലി പോപ്പ് മിഠായിയുടെ സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി എറണാകുളത്തെ ലാബിലേക്ക് അയച്ചു. നഗരത്തിലെ ഒരു മാദ്ധ്യമപ്രവർത്തകന്റെ കുട്ടിക്ക് ശങ്കരംകുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള സ്റ്റേഷനറി കടയിൽ നിന്ന് വാങ്ങിയ മധൂർ യോഗീട്ടോയുടെ ലോലിപോപ്പിലാണ് നേർത്ത കമ്പി കഷണം കണ്ടെത്തിയത്.

വീട്ടിലെത്തിയ ശേഷം മിഠായി പാക്കറ്റ് പൊളിച്ച് കഴിക്കാൻ കൊടുക്കുന്നതിനിടയിൽ കുട്ടിയുടെ അമ്മയാണ് കമ്പി കഷ്ണം കണ്ടത്. ഉടൻ കുട്ടിയുടെ അച്ഛൻ കടയുമായി ബന്ധപ്പെട്ടപ്പോൾ ഹൈറോഡിലുള്ള വിതരണക്കാരനാണ് മിഠായി വിതരണം ചെയ്തതെന്ന വിവരം ലഭിച്ചു. ഹൈറോഡിലെ കടക്കാരനെ ബന്ധപ്പെട്ടപ്പോൾ താൻ വെറുമൊരു വിതരണക്കാരൻ മാത്രമാണെന്നും തനിക്ക് ഉത്തരവാദിത്വമില്ലെന്നുമായിരുന്നു മറുപടി. ഇതേത്തുടർന്നാണ് കുട്ടിയുടെ അച്ഛൻ ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർക്ക് പരാതി നൽകിയത്. ബ്രാൻഡഡ് കമ്പനികളുടെ ഭക്ഷ്യവസ്തുക്കൾക്ക് അംഗീകൃത വിതരണക്കാരനും പരാതികൾ ഉണ്ടായാൽ പരിഹരിക്കാൻ പ്രത്യേക വിഭാഗവും ഉണ്ടാകാറുണ്ട്.

പക്ഷെ മധൂർ യോഗിച്ചോ കമ്പനിയുടെ ലോലി പോപ്പിന്റെ വിതരണക്കാരൻ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതോടെയാണ് ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ അടുത്ത് പരാതിയെത്തിയത്. മിഠായി കഴിച്ചിരുന്നെങ്കിൽ തന്റെ മകളുടെ ജീവൻ അപകടത്തിൽപ്പെടുമായിരുന്നെന്നും കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഭക്ഷ്യസുരക്ഷാവകുപ്പിന് ലഭിച്ച പരാതി. ലാബ് റിപ്പോർട്ട് ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.