തൃശൂർ: കേരളത്തിലെയും തമിഴ്നാട്ടിലെയും കർണ്ണാടകത്തിലെയും അതിശൈത്യം കൃഷിയിടങ്ങളെ സാരമായി ബാധിച്ചതോടെ, ശബരിമല തീർത്ഥാടനകാലം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ പച്ചക്കറികൾക്ക് വൻവിലക്കയറ്റം.
ഒരാഴ്ചയ്ക്ക് മുമ്പ് കിലോയ്ക്ക് 10 രൂപയുണ്ടായിരുന്ന തക്കാളിക്ക് വ്യാഴാഴ്ചത്തെ വില 60 രൂപയാണ്. രണ്ടുദിവസങ്ങൾക്ക് മുമ്പ് 40 രൂപയിൽ എത്തിയ തക്കാളി ബുധനാഴ്ചയാണ് 60 രൂപയിൽ എത്തിയത്. മൊത്ത വിപണിയിൽ 56 രൂപയ്ക്ക് ലഭിക്കുന്നതാണ് 60 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് നൽകുന്നത്.
നേരത്തെ 25 രൂപയുണ്ടായിരുന്ന ബീൻസിന് 55 രൂപയാണ് നിലവിൽ കിലോയ്ക്ക് വില. 50 രൂപയാണ് മൊത്തവില. പാവയ്ക്ക വില 30ൽ നിന്ന് 45ലേക്കാണ് കുതിച്ചത്. 40 രൂപയ്ക്കാണ് കച്ചവടക്കാർക്ക് ലഭിക്കുന്നത്. 10 രൂപയുണ്ടായിരുന്ന കൊത്തമരയ്ക്ക് 30 രൂപ കൂടി 40 രൂപയിൽ എത്തിനിൽക്കുകയാണ്. അമരക്കായ്ക്ക് ഇരട്ടിവിലയായി. 20ൽ നിന്ന് 40തിലേക്കായിരുന്നു വില കൂടിയത്. പയർ 25ൽ നിന്നും 40 രൂപയിലെത്തി. കിലോക്ക് 20 രൂപയുണ്ടായിരുന്ന പച്ചമുളകിന്റെ വിലയിപ്പോൾ 50 രൂപയാണ്. ഇതേവില തന്നെയുണ്ടായിരുന്ന ബീറ്റ് റൂട്ടിനിപ്പോൾ 36 രൂപയാണ്. മുരിങ്ങാക്കായയ്ക്ക് 20 രൂപ കുറഞ്ഞുവെങ്കിലും നിലവിലെ വില 100 രൂപയാണ്. 25 രൂപയുണ്ടായിരുന്ന കാരറ്റിന് ഇപ്പോൾ 36 രൂപയാണ് . ക്വാളിഫ്‌ളവർ 30ൽ നിന്നും 35ലേക്ക് എത്തി.
ആശ്വസിക്കാൻ ഉളളി
ഉള്ളിയും സവാളയും വിലയിൽ സ്ഥിരത പുലർത്തുകയാണ്. സവാളയ്ക്ക് 20 രൂപയും ഉള്ളിക്ക് 36 ആണ് വില. കാബേജ് വില 20 രൂപയാണ്.
മഞ്ഞും ചൂടും
പുലർച്ചയുണ്ടാവുന്ന കനത്ത മഞ്ഞുവീഴ്ചയും പകൽ സമയത്തെ ചൂടും ശക്തമായതോടെയാണ് പച്ചക്കറി കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതെന്ന് കർഷകർ പറയുന്നു. ശീതകാല പച്ചറികളായ കാരറ്റ്, കാബേജ്, വെളുത്തുള്ളി എന്നിവയാണ് കൂടുതലായി മഞ്ഞുവീഴ്ചയിൽ കരിഞ്ഞുണങ്ങിയത്. നാണ്യവിളകൾക്കും വൻ നാശമുണ്ടായി.
സീസൺ അനുസരിച്ച് പൂക്കുന്ന ഫലവൃക്ഷങ്ങളായ മാവിനും പ്ളാവിനും ശൈത്യം തിരിച്ചടിയായി. പലയിടങ്ങളിലും മാവ് പൂത്തിട്ടില്ല. പ്ളാവിലും ചക്ക പിടിച്ചിട്ടില്ല. അന്തരീക്ഷ താപനില ഉയർന്ന് ചൂടു തട്ടുമ്പോഴാണ് മരം പൂക്കുന്നത്. ഡിസംബറിലെ നല്ല തണുപ്പ് കഴിഞ്ഞ് ജനുവരി ആകുമ്പോഴേക്കും അന്തരീക്ഷം ചൂടായി വൃക്ഷങ്ങൾ പൂക്കുമായിരുന്നു. മാർച്ച് - ഏപ്രിൽ മാസങ്ങളിൽ മാങ്ങ, ചക്ക തുടങ്ങിയ ഫലങ്ങളുണ്ടാകുന്നത് കേരളത്തിലെ കാർഷിക സമൃദ്ധിക്കും സഹായകമാകാറുണ്ട്.