എരുമപ്പെട്ടി: എരുമപ്പെട്ടി മേഖലയിലെ പാടശേഖരങ്ങളിൽ വയ്ക്കോൽ കയറ്റുകൂലി വർദ്ധിപ്പിച്ചതായി പരാതി. കുന്നത്തേരി - നെല്ലുവായ് പാടശേഖരത്തിൽ നൂറു പറയിലധികം വരുന്ന വയ്ക്കോൽ കെട്ടിക്കിടക്കുന്നു. കഴിഞ്ഞവർഷം വരെ 8 രൂപയായിരുന്ന കയറ്റുകൂലി ഒരു മുന്നറിയിപ്പുമില്ലാതെ 16 രൂപയാക്കി ഉയർത്തിയതാണ് വയ്ക്കോൽ കെട്ടിക്കിടക്കാൻ ഇടയാക്കിയത്. വയ്ക്കോൽ കയറ്റു കൂലി ഇരട്ടിയായി വർദ്ധിപ്പിച്ചത് കൃഷി നഷ്ടത്തിലായ കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പാട്ടത്തിനെടുത്ത നെൽവയലുകൾ ഉൾപ്പടെ കടംവാങ്ങിയും വായ്പയെടുത്തുമാണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയിട്ടുള്ളത്. രൂക്ഷമായ വരൾച്ച വിളവ് നേർപകുതിയായി കുറച്ചു. ജലക്ഷാമത്തെ തുടർന്ന് അടുത്തുള്ള കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നും പമ്പ് സെറ്റ് വെച്ച് ജലസേചനം നടത്തിയാണ് ഉണങ്ങി നശിച്ചു കൊണ്ടിരുന്ന നെൽചെടികളെ കർഷകർ സംരക്ഷിച്ചത്. അതുകൊണ്ട് തന്നെ സാമ്പത്തികമായി വലിയ നഷ്ടമാണ് ഓരോ കർഷനും നേരിടേണ്ടി വന്നത്. ഇതിനിടയിലാണ് ചുമട്ടു തൊഴിലാളികൾ കയറ്റുകൂലി ഒരു ചർച്ചയും നടത്താതെ ഇരട്ടിയാക്കി ഉയർത്തിയത്. കർഷകർ സ്വന്തമായി വയ്ക്കോൽ കയറ്റുന്നത് ചുമട്ടു തൊഴിലാളികൾ തടയുകയും ചെയ്യുന്നു. ഇതിനെ തുടർന്ന് 250 ഏക്കറോളം വരുന്ന പാടശേഖരത്തിൽ വയ്ക്കോൽ കെട്ടി കിടക്കുകയാണ്.
..............
വയ്ക്കോൽ സ്വന്തമായി കയറ്റുന്നതിനും കച്ചവടക്കാരെ സമീപിക്കുന്നതിനും കർഷകർക്ക് അനുമതി നൽകണം
- കുന്നത്തേരി പാടശേഖര സമിതിയിലെ കർഷകർ