തൃശൂർ: വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി ജില്ലാപഞ്ചായത്ത് സ്ഥാപിച്ച വിജ്ഞാൻ സാഗർ ശാസ്ത്രസാങ്കേതിക പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് രാമവർമ്മപുരത്തെ വിജ്ഞാൻ സാഗർ കോമ്പൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.
മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, മേയർ അജിത വിജയൻ, സി.എൻ. ജയദേവൻ എം.പി, കളക്ടർ ടി.വി. അനുപമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് എന്നിവർ മുഖ്യാതിഥികളാകും.
സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ശാസ്ത്രസാങ്കേതിക പാർക്ക് വരുന്നത്. വിജ്ഞാൻ സാഗർ സാങ്കേതിക പാർക്കിൽ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകർക്കും അറിവുകൾ ലഭിക്കുന്നതിനും പരീക്ഷണങ്ങൾ നടത്തുന്നതിനും സൗകര്യമുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, മഞ്ജുള അരുണൻ, ജെന്നി ജോസഫ്, കെ.ജെ. ഡിക്‌സൺ, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എസ്. വിനയൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.എസ്. മജീദ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.