കൊടുങ്ങല്ലൂർ: മേത്തല സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ എ.കെ. അബ്ദുൾ ഗഫൂർ (44) നിര്യാതനായി. മേത്തല എടവഴിക്കൽ പരേതനായ കുഞ്ഞുമൊയ്തീന്റെയും ജീവിക്കുട്ടിയുടെയും മകനാണ്. പ്രദേശിക ചാനലായ സി.ടി.വിയുടെ മാനേജിംഗ് ഡയറക്ടറായും സി.ഒ.എ മാള മേഖലാ പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഹസീന. മക്കൾ: ഫിയ ഫാത്തിമ, ഫസ ഫാത്തിമ (ഇരുവരും വിദ്യാർത്ഥികൾ ).
എ.കെ.അബ്ദുൾ ഗഫൂറിന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. മേത്തല ശ്രീനാരായാണ സമാജം പ്രസിഡന്റ് ടി.എ. ഗിരീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ വി.ആർ. സുനിൽ കുമാർ എം.എൽ.എ, അഡ്വ. സി.പി. രമേശൻ, കെ.ആർ. അപ്പുക്കുട്ടൻ, ടി.എം. നാസർ, കെ.എം. സലീം, ടി.എസ്. സജീവൻ, കെ.എസ്. കൈസാബ്, ബക്കർ മേത്തല, പ്രൊഫ. സി.ജി. ചെന്താമാരാക്ഷൻ, കെ.വി. ബാലചന്ദ്രൻ, കെ.ആർ. ശക്തീധരൻ, പി.കെ. ജയാനന്ദൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ഗുരുദേവ ദർശനം ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ സംവിധായകൻ
സിനിമയിലും ഒട്ടേറെ സീരിയയിലും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള എം.കെ. അബ്ദുൾ ഗഫൂർ വിടവാങ്ങുന്നതോടെ നഷ്ടം ഗുരുദേവ ദർശന വിശ്വാസികൾക്ക് കൂടിയാണ്. 2004ൽ സംവിധാനം ചെയ്ത ഗുരുദേവ ദർശനം ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടു. വിദേശങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ ഈ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ മുഴുവൻ ക്ഷേത്രങ്ങളിലും തീർത്ഥാടകനായി എത്തിയതിനൊടുവിലാണ് ഇദ്ദേഹം ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഗുരുദേവ ദർശനം ഡോക്യുമെന്ററിയുടെ സംവിധായകനായത്. ഒടുവിൽ ചെയ്തത് ദൈവദശകം വിശ്വ വിശാലതയിലേക്ക് പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഹ്രസ്വചിത്രത്തിന്റെ സംവിധാനമാണ്. ഗുരു പ്രതിഷ്ഠ നടത്തിയ മൂത്തകുന്നം ശ്രീ നാരായണ മംഗലം ക്ഷേത്രത്തിൽ ഏതാനും ആഴ്ചകൾക്ക് മുൻപായിരുന്നു ഇതിന്റെ ഷൂട്ടിംഗ്.
ഒരു പക്ഷെ, സംവിധാനത്തെ ഏറെ സ്നേഹിച്ച ഗഫൂറിന്റെ അവസാന സംവിധാനവും ഇതാണ്. ദൈവദശകം നൂറു ലോക ഭാഷകളിൽ മൊഴി മാറ്റുന്നതിന് നേതൃത്വം നൽകുുന്ന ഗിരീഷ് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലാണ് ഈ രണ്ട് ഡോക്യുമെന്ററികളും തയ്യാറാക്കിയത്