തൃശൂർ : കളക്ടറേറ്റിന് മുന്നിൽ പൊതുജനങ്ങൾക്ക് പരാതികളും അപേക്ഷകളും എഴുതിക്കൊടുത്ത് ജീവിക്കുന്നയാളുടെ കസേരയും സ്റ്റൂളും കാണാതെയായ സംഭവത്തിൽ തെളിവുകൾ ഹാജരാക്കിയാൽ പുനരന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. തൃശൂർ തലവണിക്കര സ്വദേശി പി. ശങ്കരൻകുട്ടി നൽകിയ പരാതിയിലാണ് നടപടി. 2018 ഏപ്രിൽ 11 ന് ഉച്ചയ്ക്ക് ഊണുകഴിക്കാൻ പോയി മടങ്ങി വന്നപ്പോൾ താൻ ഉപയോഗിക്കുന്ന സ്റ്റൂളും കസേരയും കാണാതായതായാണ് പരാതി. തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ആരോപണം വാസ്തവ വിരുദ്ധമാണെന്നാണ് പൊലീസ് കമ്മിഷനെ അറിയിച്ചത്. സ്റ്റൂളും കസേരയും മോഷ്ടിച്ചത് ആരും കണ്ടിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കളക്ടറേറ്റ് പരിസരത്ത് സ്ഥിരമായി സമരങ്ങൾ നടക്കാറുണ്ട്. മറ്റെന്തോ ദുരുദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. മോഷണവിവരം അന്വേഷണ ഉദ്യോഗസ്ഥനെ ബോദ്ധ്യപ്പെടുത്തിയില്ലെങ്കിൽ തുടർനടപടികൾക്ക് കഴിയില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. സ്റ്റൂളും കസേരയും നഷ്ടപ്പെട്ടതിന്റെ തെളിവുകൾ ഹാജരാക്കുന്ന മുറയ്ക്ക് തൃശൂർ വെസ്റ്റ് പൊലീസ് ആവശ്യമായ അന്വേഷണം നടത്തി പരാതിക്ക് പരിഹാരം കാണണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.