padam
കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കരിഞ്ഞുണങ്ങിയ നെല്ല് പരിശോധിക്കുന്നു

അരിമ്പൂർ: മനക്കൊടി വെളുത്തൂർ പാടശേഖരത്തിലെ നെല്ല് കരിഞ്ഞുണങ്ങി. ഈ മാസം വിളവെടുക്കേണ്ട 210 ഏക്കറിലെ പതിനഞ്ചേക്കറോളം സ്ഥലത്തെ നെല്ലാണ് കരിഞ്ഞുണങ്ങിയത്. എല്ലാ വർഷവും മഴയെ ആശ്രയിച്ചാണ് ഇവിടെ കൃഷിയിറക്കുന്നത്. ഇത്തവണ മഴ കുറഞ്ഞതാണ് കൃഷിയിടങ്ങളിലേക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിന്റെ കാരണമെന്ന് പാടശേഖര കമ്മിറ്റി പ്രസിഡന്റ് പ്രഭാകരൻ പറഞ്ഞു.

ലിഫ്ട് ഇറിഗേഷൻ പദ്ധതി നടപ്പിലായില്ലെങ്കിൽ അടുത്തവർഷം കൃഷിയിടം തരിശിടേണ്ടി വരുമെന്നും സെക്രട്ടറി പറഞ്ഞു. ഈ പാടശേഖരത്തിലേക്ക് ലിഫ്ട് ഇറിഗേഷൻ പദ്ധതികൾ ഒന്നും തന്നെയില്ല. പി.എം.കെ.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 1. 41 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചെങ്കിലും ഇതിന് അനുമതി ലഭിച്ചില്ല. ഏതെങ്കിലും പദ്ധതിയിൽ മാത്രമേ ഇത് ഉൾപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ എന്ന കാരണം പറഞ്ഞാണ് സോണൽ ഓഫീസ് പദ്ധതിക്ക് അനുമതി നിഷേധിച്ചത്.

അമ്പതിൽപരം കർഷകരാണ് ഇവിടെ കൃഷി ഇറക്കിയിട്ടുള്ളത്. ഇതിനിടെ കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന എൻജിൻ പുരയിൽ കോയിൽ ഉൾപ്പെടെയുള്ള വസ്തുക്കൾ മോഷണം പോയി. മുപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇവിടെ സംഭവിച്ചിട്ടുള്ളത് ചെറിയൊരു ഉണക്കം മാത്രമാണെന്നും വിളവിനെ ഇത് കാര്യമായി ബാധിക്കില്ലെന്നും കർഷകർക്ക് ആശങ്ക വേണ്ടെന്നും കൃഷിയിടം പരിശോധിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.ആർ നരേന്ദ്രൻ പറഞ്ഞു.

കൃഷി ഓഫീസർ ലക്ഷ്മി കെ. മോഹൻ, എൽദോസ്, കെ.എൽ. ജോസ്, പി.എൻ. ഗോപിനാഥൻ തുടങ്ങിയവർ പാടശേഖരം സന്ദർശിച്ചു.