ചാലക്കുടി: നഗരസഭയിലെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്റെ ഭാഗമായി ഭൂമി പൂജ നടത്തി. ചടങ്ങിൽ പങ്കെടുത്തും വിട്ടുനിന്നും ഭരണപക്ഷം. വെള്ളിയാഴ്ച രാവിലെ 10.30നാണ് പൂജ ആരംഭിച്ചത്. സ്റ്റേഡിയത്തിനായി ഒരുക്കിയിട്ടുള്ള സ്ഥലത്തിനോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ പന്തലിലായിരുന്നു കർമ്മങ്ങൾ നടന്നത്.

ഭൂമി പൂജയിൽ നിന്നും എൽ.ഡി.എഫുകാരായ ചില നഗരസഭാ കൗൺസിലർമാർ വിട്ടുനിന്നത് ചർച്ചയായി. ആദ്യം പങ്കെടുക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാൽ യു.വി. മാർട്ടിൻ, വി.ജെ. ജോജി, സീമ ജോജോ തുടങ്ങിയവർ ചടങ്ങിനെത്തി. സി.പി. പോൾ, സി.ഐ.ടി.യു ടൗൺ ചുമട്ട് തൊഴിലാളി യൂണിയൻ പൂൾ ലീഡർ ബാബു, എ.പി. ഷാജഹാൻ തുടങ്ങിയവരും സംബന്ധിച്ചു.
കിഫ്ബിയിൽ ഉൽപ്പെടുത്തി 9.57കോടി രൂപ ചെലവിലാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്. നഗരസഭ വിട്ടുനല്കിയ 3.27ഏക്കർ സ്ഥലത്താണ് ആധുനിക രീതിയിലുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം.