ചാവക്കാട്: അജണ്ടയ്ക്ക് മുൻപ് പ്രമേയം ചർച്ചയ്ക്കെടുക്കണമെന്ന ആവശ്യം ഭരണപക്ഷം തള്ളിയതിനെ ചൊല്ലി പ്രതിപക്ഷ വാക്കൗട്ട്. ചക്കംകണ്ടത്ത് ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയ പ്രതികളെ പൊലീസ് പെറ്റിക്കേസെടുത്ത് വിട്ടയച്ച നടപടി കൗൺസിലിൽ ചർച്ചയ്ക്കെടുക്കണമെന്നായിരുന്നു പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം.
നഗരസഭാദ്ധ്യക്ഷനും കൗൺസിലറും ചേർന്ന് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരുമനയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ വനിതയുടെ മകൻ പ്രതിയായ കേസിൽ അന്വേഷണം അട്ടിമറിക്കാൻ നഗരസഭാദ്ധ്യക്ഷൻ ശ്രമിച്ചെന്നും യു.ഡി.എഫ് ആരോപിച്ചു.
പ്രമേയം അജണ്ടയ്ക്ക് ശേഷം ചർച്ച ചെയ്യാമെന്ന് നഗരസഭാദ്ധ്യക്ഷൻ പറഞ്ഞെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയതായും നഗരസഭാദ്ധ്യക്ഷൻ എൻ.കെ.അക്ബർ അറിയിച്ചു.
യു.ഡി.എഫ് കൗൺസിലർമാരായ പീറ്റർ പാലയൂർ, ജോയ്‌സി എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ. കാർത്യായനി, കൗൺസിലർമാരായ പി.എം. നാസർ, കെ.എസ്. ബാബുരാജ്, സൈസൻ മാറോക്കി, ഹിമ മനോജ്, ഷാഹിദ മുഹമ്മദ്, സീനത്ത് കോയ, പീറ്റർ പാലയൂർ, ജോയ്‌സി, ശാന്ത സുബ്രഹ്മണ്യൻ, ഹാരിസ് എന്നിവരാണ് ഇറങ്ങിപ്പോയത്.
25 കോടി രൂപയുടെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് പ്രസ്തുത പദ്ധതികൾക്ക് യോഗം സാമ്പത്തിക അംഗീകാരം നൽകി. നഗരസഭയിൽ നടപ്പാക്കുന്ന പി.എം.എ.വൈ ലൈഫ് പദ്ധതിയിൽപ്പെട്ട അനർഹരായ ഗുണഭോക്താക്കളെ ഒഴിവാക്കി 224 ഗുണഭോക്താക്കളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പുതിയ ഡി.പി.ആർ അംഗീകരിക്കാൻ തീരുമാനിച്ചു.
സ്വച്ഛ് ഭാരത മിഷൻ പുറത്തിറക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് ശുചിത്വ നിലവാരത്തിൽ നഗരസഭയെ ടു സ്റ്റാർ പദവിയിലേക്ക് ഉയർത്തുന്നതിനും തീരുമാനിച്ചു. എല്ലാ അജണ്ടകളും പാസാക്കി. നഗരസഭാദ്ധ്യക്ഷൻ എൻ.കെ. അക്ബർ അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്. സലാം, എ.എച്ച്. അക്ബർ, എം.ബി. രാജലക്ഷ്മി, എ.സി. ആനന്ദൻ, എ.എ. മഹേന്ദ്രൻ, സഫൂറ, പി.ഐ. വിശ്വംഭരൻ, തറയിൽ ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.
ചക്കംകണ്ടത്തെ മാലിന്യ പ്രശ്‌നത്തോട് ഭരണപക്ഷം മുഖം തിരിക്കുന്നു.
- കെ.കെ. കാർത്ത്യായനി, പ്രതിപക്ഷ നേതാവ്
ചരിത്രത്തിൽ ആദ്യമായാണ് മാലിന്യവുമായി വന്ന വാഹനം കണ്ടുകെട്ടിയത്. ജലാശയങ്ങളിലേക്കും മറ്റും മാലിന്യം ഒഴുക്കിയാൽ മാത്രമേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയൂ.
- എൻ.കെ. അക്ബർ, നഗരസഭാദ്ധ്യക്ഷൻ